തിരുവനന്തപുരം: ഏറെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടിയത്. ഇത് മലയാളികൾക്ക് ഒത്തിരി സന്തോഷം പകർന്നെങ്കിലും സംസ്ഥാനത്തെ റെയിൽവേ ട്രാക്കുകൾ വന്ദേഭാരതിന് കുതിച്ചുപായാൻ കഴിയില്ലെന്നത് അവരിൽ നിരാശയുടെ കരിനിഴൽ പടർത്തിയിരുന്നു. എന്നാൽ ഈ നിരാശ വെറും അസ്ഥാനത്താണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തുടക്കത്തിൽ വന്ദേഭാരതിന്റെ വേഗം മണിക്കൂറിൽ 110 കിലോമീറ്റർ ആയിരിക്കും എങ്കിലും അധികം വൈകാതെ തന്നെ അത് 130 കിലോമീറ്ററിലേക്ക് ഉയരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുവേണ്ടി പാളം ബലപ്പെടുത്തുന്നതും വളവ് മാറ്റുന്നതുമായ ജോലികൾ മിന്നൽ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഇതിനായി ഒരിഞ്ചുപോലും ഭൂമി ഏറ്റെടുക്കുകയും വേണ്ട. ഇതിനൊപ്പം ഏറണാകുളം-ഷൊർണൂർ റൂട്ടിൽ മൂന്നാംവരി പാതയുടെ സർവേയും തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും ഈ പാതയിലെ വേഗം.ചരിവുകളും വളവുകളും നിവർത്തുന്നതിനൊപ്പം പാളത്തോട് ചേർന്ന് കിടക്കുന്ന മെറ്റലുകളും കൂടുതൽ ഉറപ്പിക്കുകയും ഉയരം കൂട്ടുകയും ചെയ്യും.
വന്ദേഭാരതിനുവേണ്ടിയാണ് ഇപ്പോൾ ട്രാക്കുകൾ ബലപ്പെടുത്തുന്നതുൾപ്പടെ ചെയ്യുന്നതെങ്കിലും കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘ ദൂര ട്രെയിനുകളുടെ വേഗവും ഇതോടെ കൂടും. ഇത് യാത്രാ സമയം വളരെ കുറയ്ക്കുന്നതിന് ഇടയാക്കും. ഇതിനൊപ്പം കൂടുതൽ അതിവേഗ ട്രെയിനുകൾ കേരളത്തിലേക്ക് നീട്ടുന്നതിനും ഇത് കാരണമാകും. ഇതിനുള്ള തീരുമാനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. തിരുവനന്തപുരം – കായംകുളം സെക്‌ഷനില്‍ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം – എറണാകുളം സെക്‌ഷനില്‍ 90, എറണാകുളം – ഷൊര്‍ണൂര്‍ സെക്‌ഷനില്‍ 80 കിലോമീറ്ററുമാണ് വേഗം.
ട്രെയിനുകൾക്ക് കൂടുതൽ വേഗം കൈവരുന്നതോടെ എന്നെന്നേക്കുമായി അടയുന്നത് കെ റെയിലിന്റെ ഭാവിയാണ്. വൻ പണച്ചെലവും ഭൂമിയേറ്റെടുക്കേണ്ടി വരുന്നതുമാണ് കെ റെയിലിന്റെ ഏറ്റവും വലിയ പോരായ്മ. പദ്ധതിക്ക് ഇതുവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |