തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പുനഃസംഘടനയിൽ തുടരുന്ന തടസങ്ങൾ നീക്കാൻ കെ.പി.സി.സി. ഇതിനായി രൂപീകരിച്ച ഉപസമിതിയുടെ ആദ്യ യോഗം നാളെ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ, അനാവശ്യ തർക്കങ്ങളുടെ പേരിൽ പുനഃസംഘടന ഇനിയും വൈകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതൃത്വം.
കരട് പട്ടിക ജില്ലകൾ 19ന് മുമ്പ് നൽകുന്നില്ലെങ്കിൽ, കെ.പി.സി.സി സ്വന്തം നിലയ്ക്ക് സർവേ നടത്തി പട്ടിക തയ്യാറാക്കും. ഇനി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പട്ടികകളാണ് ലഭിക്കാനുള്ളത്. ഉപസമിതി യോഗത്തിന് പിന്നാലെ, ഒരാഴ്ചയ്ക്കകം പുനഃസംഘടന പ്രഖ്യാപിക്കാനാണ് ആലോചന.
ബി.ജെ.പി നീക്കങ്ങളെ പ്രതിരോധിക്കും
ക്രൈസ്തവ വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങൾ ശക്തിപ്പെട്ടിരിക്കെ, അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാലോചിക്കാൻ 20ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചേരും. കേരളത്തിലെ ക്രൈസ്തവ വോട്ടു ബാങ്ക് കാലങ്ങളായി യു.ഡി.എഫിന് അനുകൂലമാണ്. ഏറ്റക്കുറച്ചിലുണ്ടായെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ക്രൈസ്തവ വോട്ടുകൾ കൂടുതൽ കിട്ടിയത് യു.ഡി.എഫിനായിരുന്നു. ബി.ജെ.പിയുടെ നുഴഞ്ഞുകയറ്റം വോട്ടുബാങ്കിനെ കാര്യമായി മാറ്റില്ലെങ്കിലും, അന്ധമായ ബി.ജെ.പി വിരോധം ക്രൈസ്തവ മേഖലയിൽ നിന്ന് അകലുന്നത് നിസ്സാരമായി തള്ളാനാവില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിഷപ്പുമാരിൽ നിന്നടക്കമുണ്ടാകുന്ന ബി.ജെ.പി അനുകൂല പ്രതികരണങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
ബി.ജെ.പി നീക്കത്തെ ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയ മുതിർന്ന നേതാവ് കെ.സി. ജോസഫിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അപമാനിച്ചെന്ന ആക്ഷേപം പുതിയ തർക്കമായി.
രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ തീരുമാനിച്ച ശേഷം ജോസഫിനെ അധിക്ഷേപിക്കുന്ന പരാമർശം അനുചിതമായെന്ന വിമർശനം എ ഗ്രൂപ്പിലടക്കം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |