പാരിപ്പള്ളി : ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പാരിപ്പള്ളി ജംഗ്ഷനിലും തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ രൂപരേഖ പ്രകാരം മൺമതിൽ ഉയർത്തിയുള്ള ഫ്ലൈ ഓവർ നിർമ്മിച്ചാൽ ജംഗ്ഷനിലെ ഗതാഗത കുരുക്ക് രൂക്ഷമാകുന്നതിന് പുറമേ, ദേശീയപാത ഓരത്തെയും ജംഗ്ഷനിലേക്കുള്ള മറ്റ് റോഡുകളിലെയും വ്യാപാര സ്ഥാപനങ്ങൾ തകർച്ചയിലേക്ക് നീങ്ങും.
ഇപ്പോൾത്തന്നെ പാരിപ്പള്ളി ജംഗ്ഷനിലും മടത്തറ, പരവൂർ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ദേശീയപാത വികസനത്തിന് ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചുനീക്കിയ ശേഷം ബാക്കി ഭാഗം നിലനിർത്തിയാണ് ദേശീയപാതയോരത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം പുനർ നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ, ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കാലെടുത്ത് വയ്ക്കുന്നത് ദേശീയപാതയുടെ സർവീസ് റോഡിലേക്കാണ്. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഒരിഞ്ച് സ്ഥലം പോലുമില്ല. ജംഗ്ഷനിൽ പൊതുവായ പാർക്കിംഗ് കേന്ദ്രവുമില്ല. മൺമതിൽ ഫ്ലൈ ഓവർ വരുന്നതോടെ ദേശീയപാതയോരത്തെ സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾ മടത്തറ, പരവൂർ റോഡുകളിൽ പാർക്ക് ചെയ്യാൻ തുടങ്ങും. ഇതോടെ ഈ ഭാഗത്തെ കുരുക്ക് കൂടുതൽ രൂക്ഷമായി, ഗതാഗത സ്തംഭനത്തിന് വഴിവയ്ക്കുകയും ചെയ്യും.
പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് നിരന്തരം ആംബുലൻസുകൾ ചീറിപ്പാഞ്ഞ് എത്താറുണ്ട്. ഐ.ഒ.സിയുടെ പ്ലാന്റിലേക്കും കൂറ്റൻ ടാങ്കർ ലോറികൾ ഇടയ്ക്കിടെ വരാറുണ്ട്. ഇതിന് പുറമേ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യാരോഗ്യ കേന്ദ്രം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ജംഗ്ഷനിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. മൺമതിൽ കെട്ടി ജംഗ്ഷൻ ഞെരുങ്ങുന്നതോടെ അപകടങ്ങൾ പെരുകാനും സാദ്ധ്യതയുണ്ട്. 320 ഓളം ഓട്ടോ ഡ്രൈവർമാർ ജംഗ്ഷനിലെ വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്നുണ്ട്. വൈകാതെ ഇവർക്ക് സ്റ്റാൻഡ് നഷ്ടമാകും. സ്റ്റാൻഡുകൾ ദൂരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതോടെ ഓട്ടം കിട്ടാതെ ഇവരുടെ കുടുംബം പട്ടിണിയിലാകും. ടാക്സി കാർ ഡ്രൈവർമാരുടെ സ്ഥിതിയും സമാനമാണ്.
എലിവേറ്റഡ് ഫ്ലൈ
ഓവർ വന്നാൽ...
തൂണുകളിൽ നിർത്തിയുള്ള എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിച്ചാൽ അതിനടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ദേശീയപാതയോരത്തെ സ്ഥാപനങ്ങളിലെത്തുന്നവർക്ക് പുറമേ മടത്തറ, പരവൂർ റോഡുകളിലെ സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യാം. ഫ്ലൈ ഓവറിനടിയിൽ ഓട്ടോ, ടാക്സി സ്റ്റാൻഡുകളും ക്രമീകരിക്കാം. മൺമതിൽ കെട്ടി മറയ്ക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് കാൽനടയായി ജംഗ്ഷന്റെ ഇരുവശത്തെയും വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി പോകുകയും ചെയ്യാം. എലിവേറ്റഡ് ഫ്ലൈ ഓവറിനടിയിൽ ദേശീയപാത മുറിച്ച് കടക്കാനുള്ള കൂടുതൽ ഓപ്പണിംഗുകൾ ക്രമീകരിക്കാം. അങ്ങനെ മെഡിക്കൽ കോളേജിലേക്കും ഐ.ഒ.സി പ്ലാന്റിലേക്കുമുള്ള വാഹനങ്ങൾക്ക് സുഗമ സഞ്ചാരം ഉറപ്പാക്കാം.
'' പാരിപ്പള്ളിയുടെ ഭാവി വികസനം മുന്നിൽ കണ്ട് കക്ഷി രാഷ്ട്രീയം മറന്ന്, ഭരണകർത്താക്കൾ, സംസ്കാരിക സംഘടന ഭാരവാഹികൾ ഉൾപ്പടെയുള്ള പൊതുപ്രവർത്തകർ ഒറ്റകെട്ടായി ശ്രമിച്ച്, തൂണുകളിലുള്ള എലിവേറ്റഡ് ഫ്ലൈഓവർ പാരിപ്പള്ളിയിൽ നിർമ്മിക്കാൻ ശക്തമായ ഇടപെടൽ നടത്തണം "
പാരിപ്പള്ളി വി.രാധാകൃഷ്ണൻ (ആർ.കെ.)
ജില്ലാസെക്രട്ടറി, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |