ന്യൂഡൽഹി: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാന രാഷ്‌ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ബാർകോഴ കേസ് അന്വേഷിക്കാൻ സിബിഐ സന്നദ്ധത അറിയിച്ചതായി വിവരം. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് കോടതി അനുവദിച്ചാൽ ബാർകോഴ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് കൊച്ചി സിബിഐ യൂണിറ്റിലെ എ.ഷിയാസ് മുഖാന്തരം കേന്ദ് ഏജൻസി നിലപാട് അറിയിച്ചത്.
2014ൽ കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ 418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന കേരള ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണമാണ് ബാർ കോഴക്കേസ്. തുടർന്ന് പി.എൽ ജേക്കബ് എന്നയാൾ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകി. ഇതുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലത്തിലാണ് സിബിഐ നിലപാടറിയിച്ചത്.
അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബു ബാർ ലൈസൻസ് പുതുക്കുന്നതിനും ബാർ ലൈസൻസ് തുക കുറയ്‌ക്കാനും രണ്ട് ഗഡുക്കളായി ഒരു കോടി രൂപ കൈപ്പറ്റിയെന്നും ഈ പണം മന്ത്രിയുടെ ഓഫീസിൽ വച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് ഒരുകോടി, ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് 25 ലക്ഷം, എക്‌സൈസ് മന്ത്രി കെ.ബാബുവിന് 50 ലക്ഷം എന്നിങ്ങനെ 2020ൽ ബിജു രമേശ് വെളിപ്പെടുത്തിയതായും കെ.എം മാണിക്കെതിരായ അന്വേഷണം ഇപ്പോൾ മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇടപെട്ട് തടഞ്ഞെന്ന് ഒരു ആരോപണമുണ്ടെന്നും സിബിഐ സത്യവാങ്‌മൂലത്തിൽ പറയുന്നു. ആരോപണമുയർന്ന ഇവർക്കെതിരെയും കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ്(എം) നേതാവുമായ ജോസ് കെ.മാണിയ്‌ക്കെതിരെയും അന്വേഷണം വേണമെന്നായിരുന്നു പി.എൽ ജേക്കബ് നൽകിയ ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |