കൊല്ലം: കൊല്ലം പോർട്ടിൽ ഇമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ച സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സജ്ജമായി. ഇമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനുള്ള അപേക്ഷ സഹിതമുള്ള റിപ്പോർട്ട് സംസ്ഥാന സർക്കാരിന് രണ്ട് ദിവസത്തിനകം മാരിടൈം ബോർഡ് കൈമാറും.
മാരിടൈം ബോർഡ് കൈമാറുന്ന അപേക്ഷ വൈകാതെ സംസ്ഥാന തുറമുഖ വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ഇതിന് ശേഷമോ മുമ്പോ തിരുവനന്തപുരം ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള സംഘം കൊല്ലം പോർട്ട് സന്ദർശിച്ച് സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ആഭ്യന്തര മന്ത്രാലയം ഐ.സി.പി അനുവദിക്കുക.
ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കൊല്ലം തീരത്ത് ഇന്ധന പര്യവേക്ഷണം അടക്കം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഐ.സി.പി വൈകിപ്പിക്കില്ലെന്നാണ് പ്രതീക്ഷ. പര്യവേക്ഷണ കപ്പലിലേക്ക് ഇന്ധനവും പൈപ്പ് അടക്കമുള്ള സാമഗ്രികളും ടഗുകളിൽ എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചാണ്. ഓയിൽ ഇന്ത്യയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും ഇടയ്ക്കിടെ കപ്പലിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുവരുകയും ചെയ്യേണ്ടതുണ്ട്. ഇമിഗ്രേഷൻ പോയിന്റ് ഇല്ലെങ്കിൽ ഇത് സുഗമമായി നടക്കില്ല.
പുതുതായി ഒരുക്കിയ ക്രമീകരണങ്ങൾ
പോർട്ടിന് ചുറ്റും എട്ടടി ഉയരത്തിൽ ചുറ്റുമതിലും മുകളിൽ കമ്പിച്ചുരുളും
ഇമിഗ്രേഷൻ ജോലികൾക്കായി സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ
നിരീക്ഷണ കാമറ സംവിധാനം
ഗേറ്രിലും പരിസരത്തും അയുധധാരികളായ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ നിയോഗിക്കാൻ ധാരണ
പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിന് നിയന്ത്രണം
വാർഫിന്റെ 50 മീറ്റർ പരിധി ഓപ്പറേഷൻ ഏരിയയായി പ്രഖ്യാപിച്ചു
പോർട്ട് ഏരിയയെ നിരോധിത മേഖലയായി പ്രഖ്യാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |