ന്യൂഡൽഹി : അംഗങ്ങൾക്ക് വായ്‌പ നൽകുന്നതുകൊണ്ടു മാത്രം സഹകരണ വായ്‌പാസംഘങ്ങളെ ബാങ്കുകളായി കാണരുതെന്നും, അവ ആദായനികുതി പരിധിയിൽ വരില്ലെന്നുമുളള സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ അടക്കം സഹകരണ വായ്‌പാസംഘങ്ങൾക്ക് ആശ്വാസമാകും.
മഹാരാഷ്ട്രയിലെ അണ്ണാസാഹിബ് പാട്ടീൽ മതദി കാംഗാർ സഹകാരി പത്പേദി ലിമിറ്റഡിനെതിരെ മുംബയ് ഇൻകം ടാക്‌സ് കമ്മിഷണർ സമർപ്പിച്ച അപ്പീൽ തളളിയാണ് ഉത്തരവ്. രാജ്യത്തെ 99,000ത്തിലേറെ വായ്‌പാ സംഘങ്ങൾക്ക് ഉത്തരവ് പുതുഊർജ്ജം നൽകും.
വായ്‌പ നൽകുന്നതിനാൽ അണ്ണാസാഹിബ് പാട്ടീൽ സഹകാരി ലിമിറ്റഡ്, സഹകരണബാങ്കിന്റെ പരിധിയിൽ വരുമെന്ന മുംബയ് ഇൻകം ടാക്‌സ് കമ്മിഷണറുടെ വാദം ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. സ്വന്തം അംഗങ്ങൾക്ക് വായ്‌പ നൽകുന്നതുകൊണ്ടു മാത്രം ബാങ്കിംഗ് റെഗുലേഷൻ ആക്‌ടിൽ പറയുന്ന സഹകരണ ബാങ്കെന്ന വ്യാഖ്യാനത്തിൽ സഹകരണ വായ്‌പാസംഘങ്ങൾ വരില്ല. സ്വന്തം അംഗങ്ങൾക്ക് വായ്‌പ നൽകുന്ന സഹകരണ സംഘങ്ങളും, ജനങ്ങൾക്ക് വായ്‌പയും സേവനങ്ങളും നൽകുന്ന ബാങ്കുകളും തമ്മിൽ വ്യത്യാസമുണ്ട്. അണ്ണാസാഹിബ് പാട്ടീൽ സഹകാരി ലിമിറ്റഡിനെ സഹകരണബാങ്കായി കാണാനാവില്ലെന്നും, ആദായനികുതിയിളവിന് അർഹതയുണ്ടെന്നും ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണൽ, കമ്മിഷണർ ഒഫ് ഇൻകംടാക്‌സ് (അപ്പീൽസ്), ബോംബെ ഹൈക്കോടതി തുടങ്ങിയവർ കണ്ടെത്തിയിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേരളത്തിലെ മാവിലായി സർവീസ് സഹകരണബാങ്കും കോഴിക്കോട്
ആദായനികുതി കമ്മിഷണറും തമ്മിലുള്ള കേസിലെ ( 2021) വിധിയും സുപ്രീംകോടതി എടുത്തുപറഞ്ഞു.
തിരികെ ചോദിക്കും
അടച്ച ആദായനികുതി പലിശ സഹിതം സഹകരണ വായ്‌പാ സംഘങ്ങൾ തിരിച്ചുചോദിക്കുമെന്ന് സഹകാരിയും, സഹകാർ ഭാരതി സ്ഥാപക അംഗവുമായ സതീഷ് മറാത്തെ. ആദായനികുതി വകുപ്പ് ബലംപ്രയോഗിച്ചാണ് തുക പിരിച്ചത്.
മാവിലായി കേസ്
സഹകരണ സംഘങ്ങൾ നൽകുന്ന കാർഷികേതര വായ്‌പകളിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി ബാധകമാണെന്ന കേരള ഹൈക്കോടതി ഫുൾബെഞ്ച് വിധി റദ്ദാക്കിയാണ് മാവിലായി കേസിൽ സുപ്രീംകോടതി വിധി പറഞ്ഞത്. 1967ലെ കേരള സഹകരണസംഘ നിയമപ്രകാരം അംഗങ്ങൾക്ക് നൽകുന്ന വായ്‌പയിൽ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് ബാധകമാണ്. അംഗങ്ങളല്ലാത്തവർക്കും വായ്‌പ നൽകാമെങ്കിലും ആ വായ്‌പയിൽ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് ബാധകമല്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |