പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയവർക്കെതിരെ വനംവകുപ്പിന് പിന്നാലെ പൊലീസും കേസെടുത്തു. പൂജയ്ക്ക് നേതൃത്വം നൽകിയ തൃശ്ശൂർ തെക്കേക്കാട്ടുമഠം നാരായണൻ തിരുമേനിയാണ് മുഖ്യപ്രതി. ദേവസ്വം കമ്മിഷണർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വനത്തിൽ അതിക്രമിച്ച് കടക്കൽ, മതസ്പർദ്ധ ഉണ്ടാക്കുന്ന പ്രവർത്തനം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം മൂഴിയാർ പൊലീസാണ് കേസെടുത്തത്.
നാരായണൻ തിരുമേനി ഉൾപ്പെടെ 7 പേരെ പിടികൂടാനുണ്ട്. ഇവരിൽ 5 പേർ തമിഴ്നാട് സ്വദേശികളാണ്. സംഘത്തെ സഹായിച്ചതിന് വനംവകുപ്പ് പിടികൂടിയ വനം വികസന കോർപ്പറേഷൻ ഗവി ഡിവിഷനിലെ സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ (51), വർക്കർ സാബുമാത്യു (49) എന്നിവരെ പത്തനംതിട്ട ഫസ്റ്റ്ക്ളാസ് കോടതി റിമാൻഡ് ചെയ്തു.
മേയ് 8നാണ് ഏഴംഗ സംഘം പൂജയ്ക്കായി എത്തിയത്. ശബരിമലയുടെ മൂലസ്ഥാനമായി കണക്കാക്കുന്ന പൊന്നമ്പലമേട്ടിലാണ് മകരജ്യോതി തെളിയുന്നത്. ഇവിടെ ധ്യാന നിമഗ്നനായി അയ്യപ്പൻ കുടികൊളളുന്നു എന്നാണ് വിശ്വാസം. പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനംവകുപ്പിന്റെ അനുവാദമില്ലാതെ ആർക്കും കടന്നുചെല്ലാൻ കഴിയില്ല.
അതേസമയം, വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ സ്ഥിരമായി പൊന്നമ്പലമേട്ടിലേക്ക് ആളുകളെ കടത്തിവിടാറുണ്ടെന്നും സാധാരണ ജീവനക്കാരെ ബലിയാടാക്കി ഉന്നതർ രക്ഷപ്പെടാനുളള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |