തിരുവനന്തപുരം: കിഫ്ബി വായ്പ ഉപയോഗിച്ച് ബസുകൾ വാങ്ങുന്ന നടപടി വേഗത്തിലാക്കാൻ ഗതാഗതവകുപ്പ്. പുതിയ ടെൻഡർ വിളിച്ച് ബസുകൾ വാങ്ങുന്നതിനു പകരം അശോക് ലൈലാൻസ് കമ്പനിക്ക് നേരത്തെ നൽകിയ ടെൻഡറിലൂടെ ആദ്യഘട്ടമായി 469 ഡീസൽ ബസുകൾ വാങ്ങാനാണ് തീരുമാനം. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് സർവീസുകൾക്ക് പുതിയ ബസുകൾ ഉപയോഗിക്കും.
നേരത്തെ 600 ഡീസൽ ബസുകൾ വാങ്ങാനാണ് അശോക് ലൈലാൻഡ് കമ്പനിക്ക് കരാർ നൽകിയത്. എന്നാൽ 131 ബസുകൾ മാത്രമാണ് വാങ്ങിയത്. കഴിഞ്ഞ ഏപ്രിൽ നാലിനായിരുന്നു ഫ്ലാഗ് ഒഫ്. ഒരു വർഷം വരെ ടെൻഡർ കാലാവധി ഉണ്ട്. അതിനുള്ളിൽ അടുത്ത പർച്ചേസ് നടത്താനാകും.
കഴിഞ്ഞ തലണ ടെൻഡറിൽ പങ്കെടുത്ത മറ്റ് കമ്പനികളെക്കാൾ 1.35 ലക്ഷം രൂപ കുറച്ച് ക്വോട്ട് ചെയ്തതുകൊണ്ടാണ് അശോക് ലൈലാൻഡിന് ബസുകൾ വാങ്ങാൻ ഓർഡർ നൽകിയത്. ഒരു ഷാസിക്ക് 22.18 ലക്ഷം രൂപയായിരുന്നു വില. പുതിയതായി ടെൻഡർ ക്ഷണിച്ചാൽ 1 മുതൽ 1.50 ലക്ഷം വരെ വിലകൂടാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല നടപടികൾ പൂർത്തിയാക്കാൻ 7-8 മാസമെടുക്കുകയും ചെയ്യും. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ചിടത്തോളം ബസുകളുടെ കുറവ് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. പുതിയ ബസുകൾ എത്രയും വേഗം നിരത്തിലെത്തിക്കുക മാത്രമാണ് പരിഹാരം. അശോക് ലൈലാൻഡ് ഷാസിയിൽ ബംഗളൂരു ആസ്ഥാനമായ എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് (പ്രകാശ്) ആണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് 15.98 ലക്ഷം രൂപ ചെലവിൽ ബോഡി നിർമ്മിച്ചത്.
സൂപ്പർഫാസ്റ്റായി ഓടാൻ ഇ ബസുകൾ
വായ്പ പ്രയോജനപ്പെടുത്തി ആകെ 500 ഇലക്ട്രിക് ബസുകൾ വാങ്ങാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ആദ്യഘട്ടമായി വാങ്ങുന്ന 150 ഇ ബസുകൾ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്ക് ഉപയോഗിക്കും. നേരത്തെ വാങ്ങിയ 50 ബസുകൾ നഗര സർവീസുകൾക്കാണ് ഉപയോഗിക്കുന്നത്. ഇത് ചെറിയ ബസുകളാണ്. പുതിയതായി വാങ്ങുന്നത് 41 സീറ്റുകളുള്ള വലിയ ബസുകളായിരിക്കും. ഒറ്റ ചാർജ്ജിൽ കൂടുതൽ ദൂരം ഓടിക്കാനാകുന്ന ബസുകൾ മാത്രമെ വാങ്ങൂ. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്ററിൽ കൂടുതൽ ഓടുന്ന ബസുകൾ വേണമെന്ന നിർദേശവും ടെൻഡറിൽ ഉൾക്കൊള്ളിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |