ഹൈദരാബാദ്: പാർക്കിംഗ് ഏരിയയിൽ മാതാവ് കിടത്തിയിട്ടുപോയ മൂന്നുവയസുകാരിയ്ക്ക് കാർ കയറി ദാരുണാന്ത്യം. ഹൈദരാബാദിന് സമീപം ഹയാത് നഗറിലാണ് സംഭവം. ലക്ഷ്മി എന്നുപേരുള്ള കുഞ്ഞാണ് മരിച്ചത്.
സംഭവത്തിൽ കാർ ഓടിച്ച ഹരിരാമകൃഷ്ണ എന്നയാൾ അറസ്റ്റിലായി. അപ്പാർട്ട്മെന്റിന് സമീപം ജോലിക്കെത്തിയ യുവതിയുടെ കുഞ്ഞാണ് മരിച്ചതെന്നാണ് വിവരം. പുറത്ത് കനത്ത ചൂടായതിനാൽ കുഞ്ഞിനെ പാർക്കിംഗ് ഏരിയയിൽ കിടത്തുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. നിലത്ത് തുണിവിരിച്ച നിലയിലാണ് കുഞ്ഞ് കിടന്നിരുന്നത്.
ഇതിനിടെ അപ്പാർട്ട്മെന്റിലെ താമസക്കാരനായ ഹരികൃഷ്ണ പതിവുപോലെ കാർ പാർക്ക് ചെയ്യാൻ പോകുന്നതിനിടെ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയായിരുന്നു. മുന്നോട്ടെടുക്കുന്നതിനിടെ കുട്ടിയുടെ ദേഹത്ത് വാഹനം കയറിയത് മനസിലാക്കിയ ഹരികൃഷ്ണ ഉടൻ തന്നെ കാർ പിന്നോട്ടെടുത്തു. പിന്നാലെ കുഞ്ഞ് മരണപ്പെടുകയായിരുന്നു.
സ്ഥിരം കാർ പാർക്ക് ചെയ്യുന്ന സ്ഥലമാണെന്നും കുഞ്ഞ് കിടന്നത് കണ്ടില്ലെന്നുമാണ് ഹരികൃഷ്ണ പൊലീസിന് മൊഴി നൽകിയത്. കുഞ്ഞിനെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |