SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.00 PM IST

 കേരള യൂണി. സെനറ്റിൽ 6 എം.എൽ.എമാർ രജിസ്ട്രാർ സംവരണ ക്വാട്ട അട്ടിമറിച്ചെന്ന് യു.ഡി.എഫ്

Increase Font Size Decrease Font Size Print Page
kerala

 കോടതിയെ സമീപിക്കാൻ നീക്കം

തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആറ് എം.എൽ.എമാർ തിരഞ്ഞെടുക്കപ്പെട്ടു. ഒ.എസ്.അംബിക (ആറ്റിങ്ങൽ), വി.ശശി (ചിറയൻകീഴ്), എം.വിൻസെന്റ് (കോവളം), സുജിത്ത് വിജയൻപിള്ള (ചവറ), അരുൺകുമാർ (മാവേലിക്കര), ഡി.കെ.മുരളി (വാമനപുരം) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റിൽ എം.എൽ.എമാരുടെ ക്വാട്ടയിലാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടത്. കേരള സർവകലാശാലാ പരിധിയിലെ മണ്ഡലങ്ങളിലെ ഏഴ് എം.എൽ.എമാരാണ് മത്സരിച്ചത്. എം.വിൻസെന്റ് 26ഉം നാല് എൽ.ഡി.എഫ് എം.എൽ.എമാർ 24വീതവും വോട്ട് നേടി. സി.ആർ. മഹേഷിന് 12വോട്ടാണ് ലഭിച്ചത്.

സെനറ്റംഗങ്ങളാവുന്ന ആറ് എം.എൽ.എമാരിൽ ഒരാൾ പട്ടിക വിഭാഗത്തിൽ നിന്നുള്ളതായിരിക്കണമെന്നാണ് ചട്ടത്തിലുള്ളത്. എന്നാൽ അരുൺകുമാർ, വി.ശശി എന്നിവർ സംവരണ മണ്ഡലത്തിൽ നിന്ന് വിജയിച്ചവരായിരിക്കെ, രണ്ട് വോട്ട് മാത്രം ലഭിച്ച ഒ.എസ്. അംബികയെ പട്ടിക വിഭാഗ ക്വാട്ടയിൽ തിരഞ്ഞെടുത്ത് വരണാധികാരിയായ രജിസ്ട്രാർ അട്ടിമറിച്ചെന്ന് യു.ഡി.എഫ് എം.എൽ.എമാർ പരാതിപ്പെട്ടു. പട്ടികവിഭാഗ ക്വാട്ടയിൽ മത്സരിപ്പിക്കാൻ കേരള വാഴ്സിറ്റി പരിധിയിൽ യു.ഡി.എഫിന് എം.എൽ.എമാരില്ല. അതിനാൽ 12വോട്ട് ലഭിച്ച മഹേഷിനെ മറികടന്ന് അംബികയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വോട്ടെണ്ണും മുൻപേ അംബികയെ വിജയിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലോ സ്ഥാനാർത്ഥിപ്പട്ടികയിലോ ബാലറ്റിലോ പട്ടികവിഭാഗ ക്വാട്ടയുണ്ടെന്ന ഒരു സൂചനയുമുണ്ടായിരുന്നില്ല. രണ്ട് പട്ടികവിഭാഗം എം.എൽ.എമാർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ വാഴ്സിറ്റി ചട്ടപ്രകാരം ഒരു പട്ടികവിഭാഗ ക്വാട്ട തികഞ്ഞെന്നും രജിസ്ട്രാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് അറിയിച്ചു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY