തിരൂർ: ഹണിട്രാപ്പിന് വഴങ്ങാത്തതിനെ തുടർന്ന് ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന കേസിൽ പിടിയിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. മൃതദേഹം കണ്ടെത്തിയ അട്ടപ്പാടിയിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
സിദ്ദിഖിന്റെ കൊലപാതകത്തിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്. തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് പാലക്കാടും കോഴിക്കോടുമടക്കം കൂടുതലിടങ്ങളിൽ തെളിവെടുപ്പ് നടത്താനുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും.
പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കൾ, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദിഖിന്റെ കാർ ഉൾപ്പെടെയുള്ളവ പൊലീസ് കണ്ടെടുത്തിരുന്നു. സിദ്ദിഖിന്റെ ഫോൺ ഇനിയും കണ്ടെത്താനായിട്ടില്ല.
സിദ്ദിഖിൽ നിന്നും പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ഷിബിലി (22), ഷിബിലിയുടെ സുഹൃത്ത് ഫർഹാന(18), ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |