SignIn
Kerala Kaumudi Online
Thursday, 17 September 2026 6.30 PM IST

മെഡലുകൾ ഏറ്റെടുത്തു, ഒപ്പമുണ്ടെന്ന് ആശ്വസിപ്പിച്ച് കർഷക, ജാട്ട് നേതാക്കൾ; ഗുസ്‌തി താരങ്ങൾ പ്രതിഷേധം അവസാനിപ്പിച്ചു

medal

ഹരിദ്വാർ: നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ച് രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാനെത്തിയ ഗുസ്‌തി താരങ്ങളെ ആശ്വസിപ്പിച്ച് കർഷക നേതാക്കളും ജാട്ട് നേതാക്കളും. ഹരിദ്വാറിൽ ഗംഗാനദീതടത്തിൽ നടന്ന അതിവൈകാരികമായ ഒത്തുചേരലിൽ ഗുസ്‌തി താരങ്ങൾ നേടിയ മെഡലുകൾ സംഘടനാ നേതാക്കൾ ഏറ്റുവാങ്ങി. തങ്ങൾ ഒപ്പമുണ്ടെന്ന് കർഷക, ജാട്ട് നേതാക്കൾ ഗുസ്‌തി താരങ്ങളെ അറിയിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങൾ പിൻവാങ്ങി.

കർഷക നേതാവ് നരേഷ് ടിക്കായത്ത് അടക്കമുള്ളവരെത്തിയാണ് ഗുസ്‌തി താരങ്ങളെ ആശ്വസിപ്പിച്ചത്. അഞ്ച് ദിവസത്തിനകം പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കിൽ തങ്ങൾ തിരികെവരുമെന്നാണ് ഗുസ്‌തി താരങ്ങളുടെ നിലപാട്. നരേഷ് ടിക്കായത്താണ് മെഡലുകൾ ഏറ്റുവാങ്ങിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ നേടിയ മെഡലുകൾ ഒഴുക്കി 'മെഡൽ വിസർജൻ' നടത്തുമെന്നാണ് ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ചിരുന്നത്. ലൈംഗിക പീഡന പരാതിയിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു കടുത്ത തീരുമാനം.


വൈകിട്ട് ആറുമണിയ്ക്ക് ഹരിദ്വാറിൽ ഗംഗയിൽ മെഡലുകൾ എറിയുമെന്നും ഇന്ത്യാ ഗേറ്റിൽ നിരാഹാര സമരമിരിക്കുമെന്നുമാണ് കായികതാരങ്ങൾ അറിയിച്ചത്. 'ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. ഞങ്ങൾ വിയർപ്പൊഴുക്കി നേടിയ മെഡലുകൾക്ക് വിലയില്ലാതായി. മെഡലുകൾ ഗംഗയിൽ ഒഴിക്കിയതിനുശേഷം രക്തസാക്ഷികളുടെ ഓർമകളുള്ള ഇന്ത്യാഗേറ്റിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും' ഗുസ്തി താരം ബജ്രംഗ് പുനിയ വ്യക്തമാക്കി.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുന്ന അതേസമയം, ജന്തർ മന്ദറിൽ സമരം നടത്തിവന്ന വനിതാ ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട്, സാക്ഷി മാലിക് തുടങ്ങിയവരെ വൈകിട്ടോടെ മോചിപ്പിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MEDAL VISARJAN, WRESTLERS, PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360