കോലഞ്ചേരി: ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ എവിടെ തിരിഞ്ഞാലും നിരത്തിനരികിൽ നിറയെ മുളയരിപ്പായസക്കച്ചവടമാണ്. 'ഇതിനു മാത്രം മുളയരി എവിടുന്നെടേയ്' എന്ന് ചോദിക്കേണ്ട സമയം അതിക്രമിച്ചു. കാരണം ആയുസിൽ ഒരിക്കലാണ് മുളങ്കാടുകൾ പൂക്കുക. ഇതിന് 35 - 40 വർഷമെടുക്കും. വയനാട്ടിലും നിലമ്പൂരിലും അവസാനമായി മുള പൂത്തത് 14 വർഷം മുമ്പാണ്. മുള പൂത്ത് വിളഞ്ഞാലേ മുളയരി കിട്ടൂ.
കേരളത്തിലെ മറ്റു വനമേഖലകളിലും മുളയരി കിട്ടാനില്ല. പോഷകഗുണവും ഔഷധമൂല്യവുമാണ് മുളയരിയെ താരമാക്കിയത്. എന്നാൽ മുളയരിയെന്നപേരിൽ മിക്കയിടത്തും ഉപയോഗിക്കുന്നത് കനംകുറഞ്ഞയിനം സൂചിഗോതമ്പും നുറുക്ക് ഗോതമ്പുമാണ്.
തായ്‌ലൻഡിൽ നിന്നുവരുന്ന സൂചിഗോതമ്പിനോടു സാമ്യമുള്ള ഒരിനം ധാന്യവും മുളയരിയെന്ന പേരിൽ വിൽക്കുന്നുണ്ട്. 20 - 25 രൂപയ്ക്കാണ് ഒരു ഗ്ലാസ് മുളയരിപ്പായസത്തിന്റെ വില്പന. നാടൻവിഭവങ്ങൾ കിട്ടുന്ന ഹോട്ടലുകളിൽ മുളയരിക്കഞ്ഞിയും ഉപ്പുമാവും പുട്ടുമെല്ലാം സുലഭം. പാകംചെയ്ത രൂപത്തിൽ മുളയരി തിരിച്ചറിയാൻ ഭൂരിപക്ഷം പേർക്കും കഴിയില്ല.
യഥാർത്ഥ മുളയരിയിൽ കൈപൊള്ളും
യഥാർത്ഥ മുളയരിക്ക് വൻ ഡിമാൻഡാണ്. കിലോയ്ക്ക് നാനൂറു മുതൽ അഞ്ഞൂറു വരെ രൂപ വിലയുണ്ട്. ആയിരം രൂപ വരെയാണ് ഓൺലൈൻ സൈറ്റുകളിൽ വില. വയനാട്, തൃശൂർ, പാലക്കാട് വനമേഖലകളിൽ നിന്ന് മുളയരി വാങ്ങിക്കൊണ്ടുവന്ന് മറ്റു ജില്ലകളിൽ ഗ്ലാസിന് 20 രൂപ നിരക്കിൽ മുളയരിപ്പായസമായി വിൽക്കുന്നത് ഒറ്റ നോട്ടത്തിൽ തന്നെ ലാഭകരമല്ല. തേങ്ങാപ്പാൽ, ശർക്കര തുടങ്ങി മറ്റു ചേരുവകൾ കൂടിയാകുമ്പോൾ കച്ചവടക്കാരന് നഷ്ടം ഉറപ്പ്.
ഗുണനിലവാരം നിർണയിച്ചിട്ടില്ല
ഗോതമ്പ് മുഴുവനായും ഉപയോഗിച്ചോ കൂട്ടിക്കലർത്തിയോ ആണ് പലരും പായസമുണ്ടാക്കുന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം മുളയരിയുടെ ഗുണനിലവാരം ഇതുവരെ നിർണയിച്ചിട്ടില്ല. വിപണിയിൽ ലഭിക്കുന്നത് യഥാർത്ഥ മുളയരി തന്നെയാണോയെന്ന് പരിശോധിക്കാൻ സാങ്കേതിക തടസമുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും പറയുന്നു.
പഴയമക്കാർക്ക് പോലും മുളയരിയുടെ രുചി ഓർമ്മയില്ല. വ്യാജമായി ഇത്തരം പ്രചാരണം നടത്തി വിൽക്കുന്നവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണം.
- കെ.പി. റഷീദ്,
ട്രാവൽ ഏജൻസി ഉടമ,
പെരുമ്പാവൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |