അപ്പം, ചപ്പാത്തി, പുട്ട്, ചോറ് തുടങ്ങി മിക്ക വിഭവങ്ങളുടെ ഒപ്പവും നമ്മൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന കറിയാണ് ചിക്കൻ കറി. എന്നാൽ മിക്കവാറും വീടുകളിലും വല്ലപ്പോഴും മാത്രം വയ്ക്കുന്ന വിഭവമായിരിക്കും ചിക്കൻ കറി. ഇതില്ലെങ്കിൽ മീൻ കറിയെങ്കിലും മലയാളികൾക്ക് വേണം. എന്നാൽ വീട്ടിൽ മീനും ചിക്കനും ഒന്നും ഇരിപ്പില്ലെങ്കിൽ പോലും അതേരുചിയിലുള്ള കറി കിട്ടിയാലോ? സംഗതി ഉഷാറായി അല്ലേ. വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കുന്നവർക്കും ആസ്വദിച്ച് കഴിക്കാൻ പറ്റുന്ന തരത്തിൽ നോൺ-വെജ് കറി ഉണ്ടാക്കിനോക്കിയാലോ?
ആദ്യം ആവശ്യത്തിന് ഉരുളക്കിഴങ്ങ് തൊലികളഞ്ഞെടുത്തതിനുശേഷം വലിയ കഷ്ണങ്ങളായി മുറിച്ച് കുക്കറിൽ കുറച്ചുവെള്ളവും ഉപ്പും ചേർത്ത് വേവിച്ചെടുക്കണം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ മൂന്ന് സ്‌പൂൺ മല്ലിപ്പൊടി, രണ്ട് സ്‌പൂൺ മുളകുപൊടി, ഒരു ടീസ്‌പൂൺ ചിക്കൻ മസാല പൊടി, ഒരു ടീസ്‌പൂൺ കുരുമുളക് പൊടി, ഒരു ടീസ്‌പൂൺ ഗരം മസാല പൊടി, മുക്കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി എന്നിവ ചെറിയ തീയിൽ ചൂടാക്കിയെടുക്കണം.
അടുത്തതായി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് കുറച്ച് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം നാല് ടേബിൾ സ്‌പൂൺ ഇഞ്ചി- വെളുത്തുള്ളി ചതച്ചതെടുത്ത് വഴറ്റിയെടുക്കണം. എണ്ണ നല്ല ചൂടായി വരുമ്പോൾ രണ്ട് പച്ചമുളക് മുറിച്ചത് ഇതിലേയ്ക്ക് ഇട്ട് വഴറ്റണം. ഇനി സവാള ചെറുതായി അരിഞ്ഞതും തക്കാളി മുറിച്ചതും കൂടി ചേർത്ത് വഴറ്റിയെടുക്കണം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തുവേണം ഇളക്കിയെടുക്കാൻ.
എല്ലാം നന്നായി വഴണ്ട് വരുമ്പോൾ നേരത്തെ തയ്യാറാക്കിയ മസാലക്കൂട്ട് ചേർത്ത് ഇളക്കിയതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും അൽപ്പം വെള്ളവും ചേർത്ത് കറി തയ്യാറാക്കാം. അവസാനം കുറച്ച് മല്ലിയില കൂടി ചേർത്താൽ ചിക്കൻ കറിയുടെ രുചിയിലെ ഉരുളക്കിഴങ്ങ് കറി റെഡിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |