ന്യൂഡൽഹി: മികച്ച മദ്യനയമായിരുന്നെങ്കിൽ എന്തിന് പിൻവലിച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയോട് ഡൽഹി ഹൈക്കോടതി. സിസോദിയയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്ന ജസ്റ്റിസ് ദിനേശ് കുമാർ ശർമയാണ് ചോദ്യമുന്നയിച്ചത്. കളളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച ഇ.ഡി കേസിലാണ് സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. ലെഫ്റ്രനന്റ് ഗവർണർ തടസം നിന്നത് കാരണമാണ് മദ്യനയം പിൻവലിച്ചതെന്ന് സിസോദിയയുടെ അഭിഭാഷകൻ മറുപടി നൽകി. ഈ വാദത്തെ എതിർത്ത അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു, ക്രമക്കേട് പുറത്തുവന്നത് കാരണമാണ് മദ്യനയം പിൻവലിക്കേണ്ടി വന്നതെന്ന് തിരിച്ചടിച്ചു. ചോദ്യത്തിന് കൃത്യമായ മറുപടി സമർപ്പിക്കാൻ കോടതി സിസോദിയയുടെ അഭിഭാഷകന് നിർദ്ദേശം നൽകി. നേരത്തേ മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ മുൻ ഉപമുഖ്യമന്ത്രിക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്‌ക്കണം
കോടതി വളപ്പിൽ പൊലീസ് മോശമായി പെരുമാറിയെന്ന സിസോദിയയുടെ പരാതിയിൽ ഇടപെട്ട് ഡൽഹി റോസ് അവന്യു കോടതി. ഇതുസംബന്ധിച്ച കോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്‌ക്കാൻ കോടതി ഉത്തരവിട്ടു. മേയ് 23ന് കോടതി പരിസരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ഒരുങ്ങവേ പൊലീസ് മോശമായി കൈകാര്യം ചെയ്‌തെന്നാണ് ആരോപണം. ഇതിനിടെ, സിസോദിയുമായി ബന്ധപ്പെട്ട കേസുകളുടെ നടപടികൾ വീഡിയോ കോൺഫറൻസ് മുഖേനയാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസും അപേക്ഷ സമർപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വീഡിയോ കോൺഫറൻസ് സംവിധാനം മുഖേന സിസോദിയയെ ഹാജരാക്കിയാൽ മതിയെന്ന് കോടതി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |