SignIn
Kerala Kaumudi Online
Thursday, 19 September 2024 4.15 PM IST

തടവുകാർക്കുമുണ്ട് നിയമത്തിന്റെ കാവൽ

Increase Font Size Decrease Font Size Print Page

photo

ഭൂമിയിലെ ഏറ്റവും വലിയ നരകം ഏതെന്ന് ചോദിച്ചാൽ ജയിൽ എന്നാവും പൊതുവേയുള്ള ഉത്തരം. അത്രകണ്ട് ഭീതിദമായിരുന്നു നമ്മുടെ ജയിലുകൾ. എന്നാൽ ഭയം ഫണം വിടർത്തിയിരുന്ന പഴയ ജയിൽ കാലത്തിന് പകരം കുറ്റവാളികളുടെ മാനസിക പരിവർത്തന കേന്ദ്രങ്ങളായി കേരളത്തിലെ ജയിലുകൾ മാറിക്കഴിഞ്ഞു.
ജയിലുകളുടെ ഭരണം, തടവുകാരുടെ സംരക്ഷണം എന്നീ കാര്യങ്ങളുടെ ചുമതലയുള്ള വകുപ്പാണ് ജയിൽ വകുപ്പ്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ജയിലിൽ തടവുകാരുടെ ക്ഷേമം ഉറപ്പാക്കുക,അവരെ കുറ്റവാസനയിൽ നിന്നു വിമുക്തരാക്കി നല്ലവരാക്കിത്തീർക്കുക എന്നീ പ്രവർത്തനങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നു. കേരളത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രിസൻസ് ആൻഡ് കറക്ഷണൽ സർവീസസ് ആണ് ജയിൽ വകുപ്പിന്റെ അധ്യക്ഷൻ. സാധാരണയായി സൂപ്രണ്ടാണ് ഒരു ജയിലിന്റെ തലവൻ.
ജയിലുകളുടെ ശേഷി,സുരക്ഷാ സൗകര്യങ്ങൾ,ഉദ്യോഗസ്ഥർ എന്നിവ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ എട്ടുതരം ജയിലുകളാണുള്ളത്. സെൻട്രൽ ജയിലുകൾ, ജില്ലാ ജയിലുകൾ, സ്‌പെഷ്യൽ സബ് ജയിലുകൾ, സബ് ജയിലുകൾ, സ്ത്രീകളുടെ ജയിലുകൾ, ഓപ്പൺ ജയിലുകൾ, ബോർസ്റ്റൽ സ്‌കൂളുകൾ, പ്രത്യേകതരം വിഭാഗത്തിൽ ഒരു ഹൈടെക് സെക്യൂരിറ്റി ജയിൽ എന്നിവയാണുള്ളത്.
ഇവിടെ കുറ്റവാളികളായ തടവുകാർ, വിചാരണ തടവുകാർ,റിമാൻഡ് പ്രതികൾ, ഡെറ്റിന്യൂകൾ, ഇന്റേണികൾ,സിവിൽ തടവുകാർ എന്നിവരെ പാർപ്പിച്ചിരിക്കുന്നു.
കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് തടവറകളുടെ ലക്ഷ്യം. തെറ്റുതിരുത്തി മനഃപരിവർത്തനത്തിലൂടെ കുറ്റവാളികളെ സമൂഹത്തിന് പ്രയോജനമുള്ളവരാക്കിത്തീർക്കുകയാണ് ഇന്നത്തെ സർക്കാരുകളും ജയിലധികൃതരും ചെയ്തുവരുന്നത്.
1894 ലെ കേന്ദ്ര പ്രിസൺ ആക്ട് പ്രകാരമാണ് ജയിലുകൾ ഭരിക്കപ്പെടുന്നത്.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾഡ് പ്രകാരം ജയിലുകൾ സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും അവരുടെ സ്വന്തം നിയമങ്ങളോ, ചട്ടങ്ങളോ ഇന്ന് രൂപപ്പെടുത്തിയിട്ടുണ്ട്. 2010 ലെ കേരള പ്രിസൻസ് ആൻഡ് കറക്ഷണൽ സർവീസ് മാനേജ്‌മെന്റ് ആക്ട്, 2014ലെ കേരള പ്രിസൻസ് ആൻഡ് കറക്ഷൻസ് മാനേജ്‌മെന്റ് റൂൾസ്, 1961ലെ കേരള ബോർസ്റ്റൽ സ്‌കൂൾ ആക്ട്, 1963ലെ കേരള ബോർസ്റ്റൽ സ്‌കൂൾ ആക്ട് എന്നിവയാണ് അത്തരം സംസ്ഥാന നിയമങ്ങൾ.
1950ലെ ട്രാൻസ്ഫർ പ്രിസണേഴ്സ് ആക്ട്, 1955ലെ പ്രിസണേഴ്സ് അറ്റൻഡൻസ് കോർട്ട് ആക്ട്,2003ലെ റിപ്പാട്രിയേഷൻ ഓഫ് പ്രിസണേഴ്സ് ആക്ട് എന്നിവയും 1973ലെ ക്രിമിനൽ പ്രൊസീജിയർ കോഡ്, 1860ലെ ഇന്ത്യൻ പീനൽ കോഡ്, ഭരണഘടന എന്നിവയിലെ പ്രസക്തഭാഗങ്ങളും തടവുശിക്ഷ വിധിക്കുന്ന മറ്റു കേന്ദ്ര സംസ്ഥാന നിയമങ്ങളും തടവുകാരെ നിയന്ത്രിക്കുന്ന ചില സുപ്രധാന നിയമനിർമ്മാണങ്ങളാണ്. ഇവയെല്ലാം തടവുകാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുകയും ജയിൽ മാനേജ്‌മെന്റിനുള്ള നടപടിക്രമങ്ങൾ ഉണ്ടാക്കുകയും തടവുകാരുടെ അവകാശങ്ങളും കടമകളും കൃത്യമായി വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.


21 വയസ്സ് തികഞ്ഞ ഒരാളെ മാത്രമേ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് നിയമം. സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ ജയിൽ പൂട്ടിയിരിക്കും. രാത്രികാലത്തെ തടവുകാരുടെ നീക്കം പ്രത്യേകമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. എല്ലാ തടവുകാർക്കും ഒരു ദിവസം മൂന്ന് തവണ ഭക്ഷണം നൽകുന്നു. ആഴ്ചയിൽ മൂന്നു ദിവസങ്ങൾ നോൺ വെജിറ്റേറിയനും നാല് ദിവസങ്ങൾ വെജിറ്റേറിയനുമാണ്. നിയമാനുസൃതമുള്ള ഒരു ഡയറ്റ് ചാർട്ടു പ്രകാരമാണ് തടവുകാർ തന്നെ ഭക്ഷണം തയ്യാറാക്കുന്നത്. ഒരു തടവുകാരന് ആവശ്യമെങ്കിൽ പ്രത്യേകം ഭക്ഷണത്തിന് മെഡിക്കൽ ഓഫീസർക്ക് ശുപാർശ ചെയ്യാം. ജയിലിനുള്ളിൽ പ്രത്യേകം ശുചിത്വം പാലിക്കേണ്ടത് തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തമായ കടമയാണ്. ശിക്ഷിക്കപ്പെട്ടവർക്ക് അവരുടെ തടവുസമയത്ത് ജോലി ചെയ്യണമെന്നത് നിർബന്ധമാണ്. എങ്കിലും തടവ് ശിക്ഷ അനുഭവിക്കണം എന്നതൊഴികെ എല്ലാ മൗലികാവകാശങ്ങളും ഇന്ത്യൻ ഭരണഘടന തടവുകാർക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്.
ജയിലിലെ നല്ല നടപ്പിന് തടവുകാരന് ശിക്ഷാ കാലാവധിയിൽ ഇളവു ലഭിക്കുന്ന അവസ്ഥ ഇന്നുണ്ട്. ജയിലിലെ നല്ല പെരുമാറ്റം,ജയിൽ ചട്ടങ്ങൾ അനുസരിക്കുന്ന മനോഭാവം എന്നിവ കണക്കാക്കിയാണ് ശിക്ഷ ഇളവോ, തുറന്ന ജയിലിലേക്കുള്ള മാറ്റിപ്പാർപ്പിക്കലോ തീരുമാനിക്കപ്പെടുന്നത്.
തടവുശിക്ഷ അനുഭവിച്ച് ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കൾ, അഭിഭാഷകർ തുടങ്ങിയവരെ കാണുന്നതിനും അവരുമായി എഴുത്തുകുത്ത് നടത്തുന്നതിനും സൗകര്യമുണ്ട്. ജയിലിൽ കൂടിക്കാഴ്ച നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കും. ജയിലിൽ കഴിയുന്ന അവസരത്തിൽ കേസുകളിന്മേൽ അപ്പീൽ കൊടുക്കുവാനും മറ്റും ജയിലധികൃതർ സഹായം ചെയ്യുന്നു.
ജയിലിൽ പ്രവേശിക്കപ്പെടുമ്പോൾ ചില നിർബന്ധിത നിയമാനുസൃത നടപടിക്രമങ്ങളും തടവുകാരെ ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടുണ്ട്. ജയിലിന്റെ പ്രധാന ഗേറ്റിൽ കോടതി ഉത്തരവ് പരിശോധിക്കുകയും വ്യക്തിയുടെ ഐഡന്റിറ്റി തിരിച്ചറിയുകയും വേണം. പ്രവേശനത്തെ തുടർന്ന് തടവുകാരൻ നിരോധിത വസ്തുക്കളോ,ഹാനികരമായ സാധനങ്ങളോ,ലഹരിപദാർത്ഥങ്ങളോ, പണമോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ ദേഹപരിശോധന നടത്തും.
ഫോട്ടോയും വിരലടയാളവും അടങ്ങുന്ന വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് രേഖപ്പെടുത്തുകയും തടവിൽ ഉടനീളം കേസ് സംബന്ധിച്ച വിവരങ്ങളും മറ്റു വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെടുന്ന ഹിസ്റ്ററി ടിക്കറ്റ് തടവുകാരന് നൽകുകയും ചെയ്യും.
തുടർന്ന് വസ്ത്രങ്ങൾ,കിടക്ക സാമഗ്രികൾ, പാത്രങ്ങൾ എന്നിവ വിതരണം ചെയ്യും. തടവുകാരന്റെ വിലയേറിയ വസ്തുക്കൾ സിവിൽ വസ്ത്രങ്ങൾ എന്നിവ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ജയിലിൽ പ്രവേശിച്ച് 24 മണിക്കൂറിനകം വൈദ്യപരിശോധന നടത്തി ആരോഗ്യ പരിശോധന റിപ്പോർട്ടിൽ പ്രായം, ഭാരം,അസുഖങ്ങളുടെ ചരിത്രം, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയ ആരോഗ്യ വിശദാംശങ്ങൾ ഉൾപ്പെടെ ശരീരത്തിലെ മുറിവുകൾ,​ പരിക്ക് ,​രഹസ്യ ശാരീരിക പ്രശ്നങ്ങളുടെ അവസ്ഥ എന്നിവ മെഡിക്കൽ റിപ്പോർട്ടിൽ പരാമർശിക്കും.

തടവുകാരുടെ

മക്കൾക്കുള്ള

സഹായങ്ങൾ

തടവുകാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതിയും ജയിൽ വകുപ്പ് നൽകുന്നുണ്ട്. ബി.പി.എൽ കാരായ തടവുകാരുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയാണിത്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 300 രൂപയും ,ആറാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 500 രൂപയും, +1, +2 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 750/ രൂപയും ഡിഗ്രി, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം ആയിരം രൂപയും നൽകുന്നു.
പണ്ടത്തെപ്പോലെ ഇന്ന് ജയിലുകൾ അവകാശ ലംഘനങ്ങളോ അടിച്ചമർത്തലുകളോ നടക്കുന്ന ഇടമല്ല. മറിച്ച് മനഃപരിവർത്തനത്തിന്റെയും സ്വഭാവ സംശുദ്ധീരണത്തിന്റെയും മാതൃകാകേന്ദ്രങ്ങളായി അവ മാറിക്കഴിഞ്ഞിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PROTECTION OF PRISONERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.