തിരുവനന്തപുരം: പെൻഷൻ വിതരണമടക്കമുള്ള കാര്യങ്ങൾക്ക് പണമില്ലാതെ സർക്കാർ പ്രതിസന്ധി നേരിടുമ്പോഴും സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരങ്ങളിലും കോടികൾ മുടക്കി നിർമ്മാണ ജോലികൾ സജീവം. 2 കോടി 37 ലക്ഷത്തിലധികം രൂപയുടെ നിർമ്മാണങ്ങൾക്കാണ് അനുമതി നൽകിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസും കോൺഫറൻസ് ഹാളും ആധുനികവത്കരിക്കാൻ 2.11 കോടിയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് നവീകരണ ജോലികൾക്ക് 1,50,80,000 രൂപയുടെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. പൊതുമരാമത്ത് (കെട്ടിട വിഭാഗം) ചീഫ് എൻജിനിയറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ചേംബറിലെയും ഓഫീസിലെയും സിവിൽ, ഇലക്ട്രിക്കൽ നവീകരണ പ്രവർത്തനങ്ങൾക്കാണ് 60,46,000 രൂപയുടെ അനുമതി . സെക്രട്ടേറിയറ്റ് ജനറൽ സർവീസ് എന്ന കണക്കിൽ നിന്ന് തുക ചെലവഴിക്കാനും അഡിഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണിരാജു എന്നിവരുടെ ഓഫീസ് പ്രവർത്തിക്കുന്ന സൗത്ത് ബ്ളോക്കിന്റെ മേൽക്കൂരയിലെ ചോർച്ച പരിഹരിക്കാൻ മേച്ചിൽ ഷീറ്റ് മാറ്റുന്നതടക്കമുള്ള ജോലികൾക്കാണ് 26,20,000 രൂപയുടെ ഭരണാനുമതി നൽകിയിരിക്കുന്നത്. ഇതിനു പുറമെ മന്ത്രി കെ.രാധാകൃഷ്ണന്റെ ഔദ്യോഗിക വസതിയായ 'എസെൻഡീൻ ' ന്റെ അറ്റകുറ്റ പണികൾക്കായി 49.8 ലക്ഷമാണ് ചെലവഴിക്കുന്നത്. ക്ളിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കാൻ നേരത്തെ 32 ലക്ഷം അനുവദിച്ചിരുന്നു. അതിനും മുമ്പാണ് ക്ളിഫ് ഹൗസിലെ കാലിത്തൊഴുത്തിന് വേണ്ടി 42 ലക്ഷം ചെലവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |