തൃശ്ശൂർ: എംഡിഎംഎയുമായി സീരിയൽ സഹസംവിധായികയും സുഹൃത്തും പിടിയിൽ. ചൂണ്ടൽ പുതുശേരി കണ്ണേത്തു സുരഭി (23), സുഹൃത്ത് കണ്ണൂർ കരുവാഞ്ച തോയത്തു പ്രിയ (30) എന്നിവരെയാണ് കൂനംമൂച്ചി ഭാഗത്തു നിന്നു പൊലീസ് പിടികൂടിയത്. 17.5 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.
ലിവിംഗ് ടുഗേദറിലുള്ള ഇരുവരും ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ഇരകളെ കണ്ടെത്തി മാരക ലഹരിമരുന്നുകൾ വിൽപന നടത്തുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന ഇവരെ ബന്ധപ്പെട്ടപ്പോഴാണ് എംഡിഎംഎയുമായി എത്താമെന്ന് ഏറ്റത്. ഇരുചക്ര വാഹനത്തിൽ ലഹരിമരുന്നുമായെത്തിയ യുവതികളെ പൊലീസ് വളഞ്ഞിട്ടു പിടികൂടി.
9000ലേറെ ഇൻസ്റ്റഗ്രാം ഫോളോവർമാരുള്ള സുരഭിയെ ചാറ്റിംഗിലൂടെയാണ് പ്രിയ പരിചയപ്പെട്ടത്. വിവാഹിതയായിരുന്ന പ്രിയ കുടുംബം ഉപേക്ഷിച്ച് സുരഭിക്കൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു പാർട്ടിക്കിടെ ആകസ്മികമായാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പിന്നീട് ഒഴിവാക്കാനാകാത്ത നിലയിലേക്കു മാറിയെന്നും സുരഭി പൊലീസിനോടു പറഞ്ഞു. എംഡിഎംഎ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള മാർഗമെന്ന നിലയ്ക്കാണു വിൽപനയും തുടങ്ങിയത്.
സംസ്ഥാനാന്തര ലഹരിമരുന്നു മാഫിയയുമായി ബന്ധമുള്ള രണ്ട് യുവതികൾ വൻതോതിൽ ലഹരിമരുന്ന് വിൽക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.തുടർന്ന് ഒരുക്കിയ കെണിയിലാണ് യുവതികൾ പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വൻ മാഫിയയുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |