തിരുവനന്തപുരം; ഒരു വർഷം മാത്രം കാലാവധിയുള്ള സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് രണ്ടു മാസമായിട്ടും നിയമന ശുപാർശ തുടങ്ങാതെ പി.എസ്.സിയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ വകുപ്പ് അധികൃതരും. ഇതോടെ വർഷങ്ങളായി ജോലി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ വെട്ടിലായി.
ഏഴ് ബറ്റാലിയനുകളിലായി റിപ്പോർട്ട് ചെയ്‌ത1,536 ഒഴിവുകളിൽ പോലും അഡ്വൈസ് അയച്ചുതുടങ്ങിയിട്ടില്ല. മേയിൽ അടക്കം ഉണ്ടായ നിരവധി റിട്ടയർമെന്റ് ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടില്ല. മുൻ റാങ്ക് ലിസ്റ്റ് റദ്ദായി മൂന്നു വർഷം കഴിഞ്ഞാണ് പുതിയ ലിസ്റ്റ് വന്നത്. കഴിഞ്ഞ ലിസ്റ്റിലെ 5,610 പേർക്ക് നിയമനം ലഭിച്ചിരുന്നു. ഏഴ് ബറ്റാലിയനുകളുടെ പുതിയ ലിസ്റ്റിൽ 13,975 ഉദ്യോഗാർത്ഥികളാണുള്ളത്.
രണ്ടു ഘട്ട പരീക്ഷാ പരിഷ്‌കാരത്തിൽ പെട്ട ഏക പൊലീസ് റാങ്ക് ലിസ്റ്റാണിത്. നടപടികൾ പൂർത്തിയായപ്പോൾ ലിസ്റ്റ് തയ്യാറാക്കാൻ ഏറെ വൈകി. അതുകൊണ്ടുതന്നെ ലിസ്റ്റ് വന്നാലുടൻ നിയമനം ആരംഭിക്കുമെന്ന ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ അസ്ഥാനത്തായി. ഇനി പത്തുമാസം മാത്രമാണ് ശേഷിക്കുന്നത്. ലിസ്റ്റിലെ നിയമനം വൈകുംതോറും എൻ.ജെ.ഡി ( നോട്ട് ജോയിനിംഗ് ഡ്യൂട്ടി ) ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും അതിലേക്ക് അഡ്വൈസ് അയയ്‌ക്കാനും വൈകും. ഇതുകാരണം ലിസ്റ്റിലെ പലർക്കും നിയമനം കിട്ടാതാകുമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
മേയിൽ അഡ്വൈസ് അയച്ചാൽ ജൂണിൽ ആദ്യബാച്ചിന്റെ പരിശീലനം തുടങ്ങേണതായിരുന്നു. പരിശീലനം ജൂലായ് - ആഗസ്റ്റിലേക്ക് നീണ്ടേക്കും.
സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥ ക്ഷാമം
വി.പി.ഐ ഡ്യൂട്ടിക്കും ഗതാഗത നിയന്ത്രണത്തിനും ആളെ നിയോഗിക്കുന്നതോടെ മിക്ക സ്റ്റേഷനിലും ഉദ്യോഗസ്ഥ ക്ഷാമം രൂക്ഷമാണ്. പൊലീസ് ക്യാമ്പുകളിലും അതാണ് സ്ഥിതി. അഡ്വൈസ് അയച്ചുതുടങ്ങിയാൽ അവരുടെ പരിശീലനം പൂർത്തിയാക്കി പാസിംഗ് ഔട്ട് വരെ 'ക്ഷാമം' തുടരും.
ആശുപത്രികളിലും നിയമനം
വ്യവസായ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുള്ള കേന്ദ്ര സേന (സി.ഐ.എസ്.എഫ് ) മാതൃകയിൽ സംസ്ഥാനം രൂപീകരിച്ച എസ്.ഐ.എസ്.എഫ് ( സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ) ആകും ഇനി ആശുപത്രികളിൽ സുരക്ഷയൊരുക്കുക. കേരള പൊലീസിന്റെ പ്രത്യേക വിഭാഗമായ സേനയിലേക്കുള്ള ഡെപ്യൂട്ടേഷൻ കണക്കാക്കി റിപ്പോർട്ട് ചെയ്താൽ ഒഴിവുകൾ ഉയരും.
ബറ്റാലിയൻ -------------റിപ്പോർട്ട് ചെ്‌യ്‌ത ഒഴിവ് ------ലിസ്റ്റിലുള്ളവർ
കെ.എ.പി-1 (എറണാകുളം)---------141 -----------------------1446
കെ.എ.പി-2 (തൃശൂർ) ------------------294 ------------------------2456
കെ.എ.പി-3 (പത്തനംതിട്ട)------------257 ------------------------1711
കെ.എ.പി-4 (കാസർകോട്)-----------211 -------------------------2220
കെ.എ.പി-5 (ഇടുക്കി) --------------------88 ------------------------1590
എസ്.എ.പി. (തിരുവനന്തപുരം------221 -----------------------2123
എം.എസ്.പി (മലപ്പുറം)------------------324 -------------------------2426
ആകെ----------------------------------------1536-------------------------13975
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |