കോട്ടയം : ലഹരിയുണ്ടെന്ന് ആരോപിച്ച് എക്സൈസ് സംഘം താൻ താമസിക്കുന്ന ഹോട്ടൽമുറിയിൽ പരിശോധന നടത്തി ഭീതി പരത്തിയെന്നാരോപിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ നജീം കോയ. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30 ന് ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിലായിരുന്നു സംഭവം. ഒ.ടി.ടി വെബ്സീരിസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് ഹോട്ടലിൽ താമസിച്ചത്. സ്പോട്ട് എഡിറ്റർക്കൊപ്പം റൂമിൽ വെബ് സീരിസിന്റെ പണിപ്പുരയിലായിരുന്നെന്നും ഇരച്ചെത്തിയ സംഘം ഊരിയിട്ട അടിവസ്ത്രം വരെ പരിശോധിച്ചെന്നും അദ്ദേഹം പറഞ്ഞു. മഫ്തിയിലാണ് സംഘമെത്തിയത്. ചോദിച്ചപ്പോൾ തിരുവനന്തപുരത്തുനിന്നുള്ള എക്‌സൈസ് ഐ.ബി ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു. എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ കൈയിലുള്ള സാധനം എടുക്കെന്നായിരുന്നു മറുപടി. റൂമിലെ സാധനങ്ങളടക്കം വാരി വലിച്ചിട്ടു. കർട്ടന്റെ തയ്യൽഭാഗവും അഴിച്ചു പരിശോധിച്ചു. തന്നെ പെടുത്താൻ ശ്രമമുണ്ടായേക്കുമെന്ന ഭീതിയിൽ ഒരോ ഉദ്യോഗസ്ഥന്റെയും പിറകിൽ ഓടിയെത്തി സാഹചര്യം നിരീക്ഷിക്കേണ്ടി വന്നു. ഷൂട്ടിംഗിനായി ഹോട്ടലിൽ തങ്ങുന്ന മറ്റാരുടെയും മുറികൾ സംഘം പരിശോധിക്കാത്തതും സംശയത്തിന് ഇടയാക്കി. മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരി ഉപയോഗിക്കുകയോ ചെയ്യാത്ത താൻ ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും അറിയിച്ചു. ഒടുവിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിയശേഷമാണ് സംഘം മടങ്ങിയതെന്നും നജീം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എം.ബി.രാജേഷിനും സിനിമാസംഘടനകൾക്കും നജീം പരാതി നൽകി. അപൂർവരാഗം, ടു കൺട്രീസ്, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, കളി എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് നജീം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |