ആലുവ: പെരിയാറിലെ അനധികൃത മണൽവാരലിനെതിരെ ചെറുവിരലനക്കാത്ത പൊലീസിനെ നാണം കെടുത്തി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രണ്ട് ലോഡ് മണലും വഞ്ചിയും പിടികൂടി. വഞ്ചിയിലുണ്ടായിരുന്ന എട്ട് അന്യസംസ്ഥാന തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. സംഭവമറിയിച്ചിട്ടും ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ ബ്ളോക്ക് സെക്രട്ടറി എം.എസ്. അജിത്തിന്റെയും സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജീവ് സക്കറിയയുടെയും നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണപ്പുറത്തെത്തി. തുരുത്ത് വിത്തുത്പാദന കേന്ദ്രത്തിന് സമീപം നാല് വഞ്ചികളിൽ ഈസമയം മണൽവാരൽ തകൃതിയായി നടക്കുകയായിരുന്നു. 9.30ഓടെ മണലുമായി ശിവരാത്രി നടപ്പാലം ഭാഗത്തേക്ക് വന്ന വഞ്ചി മേഖല കമ്മിറ്റി അംഗം എം.ആർ. രാഹുൽ ചെറുവഞ്ചിയിലും പ്രവർത്തകരായ ജോമോൻരാജ്, മൊബിൻ മോഹനൻ എന്നിവർ നീന്തിയും പിടികൂടുകയായിരുന്നു.
മണപ്പുറത്ത് 20ലധികം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നിലയുറപ്പിച്ചത് കണ്ടതോടെ മണലൂറ്റുകാർ വഞ്ചി ഉപേക്ഷിച്ച് ശ്രീകൃഷ്ണ കടവ് ഭാഗത്തേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വഞ്ചി മണപ്പുറം കടവിലെത്തിച്ചു. ഇതിനിടയിൽ തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഉടൻ വരുമെന്ന് അറിയിച്ചതല്ലാതെ എത്തിയില്ല. 12 മണിയോടെ പൊലീസ് എത്തിയപ്പോഴേക്കും വെള്ളം നിറഞ്ഞ് വഞ്ചി മുങ്ങി. ജെ.സി.ബി എത്തിച്ച് വഞ്ചി പൊളിക്കുമെന്ന് പൊലീസ് പറഞ്ഞങ്കിലും നടന്നില്ല.
ഉളിയന്നൂർ സ്വദേശികളായ മണൽ മാഫിയ അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് പെരിയാറിൽ നിന്ന് മണൽ വാരുന്നതെന്നാണ് നാട്ടുകാർ അറിയിക്കുന്നത്. നിയമവിരുദ്ധമാണെണ് അറിയിക്കാതെ ദിവസക്കൂലിക്ക് ആളുകളെ നിയോഗിച്ചാണ് മണൽമാഫിയ പോക്കറ്റ് വീർപ്പിക്കുന്നത്. ഇതിൽ ഒരു വിഹിതം പൊലീസുകാർക്കും ലഭിക്കുന്നതിനാലാണ് നടപടിയെടുക്കാത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |