വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മീതെ വീണ്ടും നിയമക്കുരുക്ക്. പ്രസിഡന്റ് പദവി ഒഴിഞ്ഞ ശേഷം രഹസ്യരേഖകൾ അനധികൃതമായി സൂക്ഷിച്ച സംഭവത്തിൽ 76കാരനായ ട്രംപ് കുറ്റക്കാരനാണെന്ന് ഫ്ലോറിഡയിലെ മയാമിയിലെ ഫെഡറൽ കോടതി വിധിച്ചു. രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തു, അന്വേഷണത്തിന് തടസം നിന്നു തുടങ്ങി ഏഴ് കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന ഫെഡറൽ കുറ്റങ്ങളാണ് ഇവ. ട്രംപ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാകും.
ഇതാദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടുന്നത്. ആരോപണങ്ങൾ ട്രംപ് നിഷേധിച്ചു. ട്രംപിനെ പിന്തുണച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും രംഗത്തെത്തി. അടുത്ത വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രചാരണം ട്രംപ് തുടരുന്നതിനിടെയാണ് വീണ്ടും കുരുക്ക്.
അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയെന്ന കേസിൽ ട്രംപ് കുറ്റക്കാരനാണെന്ന് മാർച്ചിൽ മാൻഹട്ടൻ ഡിസ്ട്രിക്‌ട് കോടതി വിധിച്ചിരുന്നു. 30 വർഷങ്ങൾക്ക് മുമ്പ് ട്രംപ് മാനഭംഗപ്പെടുത്തിയെന്ന മുൻ മാദ്ധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കാരളിന്റെ ആരോപണത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം മാൻഹട്ടൻ ഫെഡറൽ കോടതി നിരീക്ഷിച്ചിരുന്നു.
മാനഭംഗ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാരൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി ഒമ്പതംഗ ബെഞ്ച് കണ്ടെത്തുകയും ട്രംപ് കാരളിന് 50 ലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയും ചെയ്തു.
അതേ സമയം, ട്രംപിന് മേൽ കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും അമേരിക്കൻ ഭരണഘടന പ്രകാരം അദ്ദേഹത്തിന് 2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമില്ല. പ്രസിഡന്റായിരിക്കെ രണ്ട് തവണ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ട്രംപ് രണ്ട് തവണയും സെനറ്റിൽ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു.
ട്രംപിനെ വീഴ്ത്തിയ രഹസ്യരേഖകൾ
സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്തിന്റെ മേൽനോട്ടത്തിലായിരുന്നു ട്രംപിനെതിരെയുള്ള അന്വേഷണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്രംപിന്റെ ഫ്ലോറിഡയിലെ മാർ - അ- ലാഗോ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ 11,000 രേഖകൾ പിടിച്ചെടുത്തു. ഇതിൽ അതീവ രഹസ്യ സ്വഭാവമുള്ള 100ലേറെ ഫയലുകളുണ്ടായിരുന്നു. രേഖകൾ കൈമാറാൻ ട്രംപ് വിസമ്മതിച്ചിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന ഫയലുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
2021 ജനുവരിയിൽ വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിയ ശേഷവും രഹസ്യരേഖ സൂക്ഷിച്ചിരുന്നതായി ട്രംപ് സമ്മതിക്കുന്നതിന്റെ ഒരു ഓഡിയോ റെക്കോഡിംഗ് പ്രോസിക്യൂട്ടർമാർക്ക് ലഭിച്ചിരുന്നു. പ്രസിഡന്റ് അടക്കമുള്ള ഫെഡറൽ ഉദ്യോഗസ്ഥർ രഹസ്യരേഖകൾ നീക്കം ചെയ്യുകയോ അനധികൃത സ്ഥലത്ത് സൂക്ഷിക്കുകയോ ചെയ്യുന്നത് യു.എസിൽ നിയമവിരുദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |