തിരുവനന്തപുരം: 2016-19 വർഷത്തെ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ മാർക്ക് തിരുത്തി ജയിപ്പിച്ച 37വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ തിരിച്ചെടുക്കാൻ കേരള സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇവരുടെ മാർക്ക് ലിസ്റ്റ് വി.സി ഡോ.മോഹനൻ കുന്നുമ്മൽ റദ്ദാക്കിയിരുന്നു. ക്രമക്കേടുള്ള മാർക്ക്‌ലിസ്റ്റ് ഹാജരാക്കി ബിരുദ സർട്ടിഫിക്കറ്റുകൾ നേടിയെടുത്തവർ തിരികെ നൽകണമെന്ന് വാഴ്സിറ്റി ആവശ്യപ്പെടും. അനർഹമായി നൽകിയ ഗ്രേസ് മാർക്ക് ഉൾപ്പെടെ അറുനൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടി നൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
ബിരുദ സർട്ടിഫിക്കറ്റ് കൈപ്പറ്റിയതിൽ വിദേശത്ത് ജോലി നേടിയവരുമുണ്ട്. ക്രമക്കേടുള്ള മാർക്ക് ലിസ്റ്റുകൾ റദ്ദാക്കിയത് കോടതിയെ അറിയിക്കാതെ നിയമവിഭാഗം കള്ളക്കളി കാട്ടിയതായി സിൻഡിക്കേറ്റ് വിലയിരുത്തി. അന്വേഷണം നടക്കുന്നെന്ന് കോടതിയെ അറിയിച്ചതിനാൽ, ഒരു വിദ്യാർത്ഥിക്ക് ബിരുദം നൽകാമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അപ്പീൽ പോവാനും മാർക്ക് ലിസ്റ്റ് റദ്ദാക്കിയതടക്കം കോടതിയെ അറിയിക്കാനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |