തൃശൂർ: വിയ്യൂർ ഹൈടെക്ക് ജയിൽ തുറന്നു. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ജയിലിലേക്ക് മാറ്റുന്ന ആദ്യ തടവുപുള്ളിയുടെ പേര് രജിസ്റ്ററിൽ രേഖപ്പെടുത്തിയായിരുന്നു ചടങ്ങ് നിർവഹിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ 20 പ്രതികളെയാണ് ആദ്യഘട്ടത്തിൽ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. നിലവിൽ പ്രമുഖ കേസുകളിലെ ആരെയും അവിടേക്ക് മാറ്റിയിട്ടില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഹൈടെക്ക് ജയിലിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ മൂന്ന് വർഷമായിട്ടും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇപ്പോൾ ജയിൽ തുറക്കാനായതിൽ ഋഷിരാജ് സിംഗ് സന്തോഷം രേഖപ്പെടുത്തി. തീവ്രവാദ, രാജ്യദ്രോഹക്കേസുകളിലെ പ്രതികളെയും കൊടുംകുറ്റവാളികളെയും പുതിയ ജയിലിലാണ് പാർപ്പിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എൻ.ഐ.എ കേസുകളിലെ എല്ലാ പ്രതികളെയും ഇവിടെയാണ് പാർപ്പിക്കുക.
സ്‌കാനർ വഴി പരിശോധിച്ച ശേഷമേ സന്ദർശകരെ ജയിലിനകത്ത് കടത്തുകയുള്ളൂ. വിരൽ പഞ്ചിംഗും നിർബന്ധമാണ്. തടവുകാർക്ക് തമ്മിൽ കാണാനാകില്ല. സന്ദർശകർക്ക് സി.സി.ടി.വി കാമറ വഴിയേ തടവുകാരെ കണ്ട് സംസാരിക്കാനാകൂ. തടവുകാർക്ക് പുറത്തിറങ്ങേണ്ട സാഹചര്യം ഉണ്ടാകില്ല. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാനന്ദൻ, ഹൈടെക് ജയിൽ സൂപ്രണ്ട് എ.ജി.സുരേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഹൈടെക്ക് ജയിൽ
ആദ്യഘട്ടത്തിൽ 20 പ്രതികളെ മാറ്റി
അറുനൂറോളം പേരെ പാർപ്പിക്കാൻ സൗകര്യം
ഒമ്പത് ഏക്കറിൽ മൂന്ന് നിലകളിൽ കെട്ടിടം
ജയിൽ കെട്ടിടത്തിന് ആധുനിക സുരക്ഷ
നിർമ്മാണച്ചെലവ് 22 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |