ന്യൂഡൽഹി: ആയിരക്കണക്കിന് കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈവശപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സത്യം മൂടിവയ്‌ക്കുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്ക് പര്യടനത്തിന്റെ അവസാന ദിനത്തെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ലഡാക്കിലെ പാംഗോങ് തടാകത്തിലേക്ക് പോയപ്പോൾ ഇന്ത്യൻ ഭൂമി ചൈന അനധികൃതമായി കൈവശപ്പെടുത്തിയതായി കണ്ടു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രധാനമന്ത്രി അത് നിഷേധിച്ചു. പ്രധാനമന്ത്രി പറയുന്നത് സത്യമല്ലെന്നും ചൈന അനധികൃതമായി ഇന്ത്യൻ ഭൂമി കൈവശപ്പെടുത്തിയെന്നും ലഡാക്കിലെ ജനങ്ങൾക്ക് അറിയാം. 1999ൽ കാർഗിൽ യുദ്ധത്തിലുൾപ്പെടെ രാജ്യത്തിനായി നിലകൊണ്ടവരാണ് ലഡാക്കുകാർ. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലമാണിത്. മോശം കാലാവസ്ഥയാൽ ഭാരത് ജോഡോ യാത്രയുമായി ഇവിടെ വരാനായില്ല. ലഡാക്കുകാരുടെ സ്നേഹം നേരിട്ടറിയാനാണ് ഇപ്പോൾ വന്നത്. ഇവിടുത്തെ അടിസ്ഥാന വികസനത്തിനായി താൻ പാർലമെന്റിൽ ശബ്‌ദമുയർത്തും. തൊഴിലില്ലായ്മ, ആശയവിനിമയ സംവിധാനങ്ങളുടെ അപര്യാപ്‌തത, കാർഗിൽ വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് തുടങ്ങിയവ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഉന്നയിക്കും. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായതും സൗരോർജ്ജത്തിന് വലിയ സാദ്ധ്യതയുള്ളതിനാലും ലഡാക്കിലെ ഭൂമി പിടിച്ചെടുത്ത് അദാനിക്ക് നൽകാൻ ബി.ജെ.പി ആഗ്രഹിക്കുന്നു. അതിന് കോൺഗ്രസ് തടയിടുമെന്നും രാഹുൽ വ്യക്തമാക്കി. ദ്രാസിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ അദ്ദേഹം പുഷ്പാർച്ചനയർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |