സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ജയിലർ തീയേറ്ററുകളിൽ അരങ്ങ് വാഴുമ്പോൾ, തരംഗമാകുന്നത് ചിത്രത്തിലെ സംഗീതം കൂടിയാണ്. സൂപ്പർസ്റ്റാർ രജനിയുടെ ഓരോ മാസ് എൻട്രിയ്ക്കൊപ്പവും രോമാഞ്ചം കൊള്ളിക്കുന്ന സംഗീതവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ജയിലറെന്ന സിനിമയെ സംഗീതമെന്ന മാജിക്കൽ പവർ കൊണ്ട് ആർഭാടമാക്കിയത് അനിരുദ്ധ് രവിചന്ദറെന്ന തമിഴ് യുവസംഗീത സംവിധായകന്റെ മാജിക്കൽ ടച്ചാണ്. അതോടൊപ്പം ചിത്രത്തിലെ കാവാലാ എന്ന ഗാനവും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ചടുലമായ നൃത്തച്ചുവടുകളുമായി തമന്നയും കൂടെ അനിരുദ്ധിന്റെ ഈണവുമായപ്പോൾ ഗാനം സൂപ്പർ ഹിറ്റ്. അനിരുദ്ധും ശിൽപ റാവുവും ചേർന്നാലപിച്ച ഗാനം ട്രെൻഡിംഗിൽ ഇപ്പോഴും മുൻപിൽ തന്നെ. ജയിലറിലെ ഹുക്കും എന്ന ഗാനവും അനിരുദ്ധിന്റെ ആലാപനത്തിലായപ്പോൾ അതും ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തി.
തമിഴ് സിനിമാ ലോകത്തെ പുതുപുത്തൻ ഹിറ്റ് ഗാനങ്ങളുടെ പിറവിയ്ക്ക് പിന്നിലും അനിരുദ്ധ് ടച്ച് ഉണ്ടെന്ന് തീർത്തും പറയാം. 2012 ൽ പുറത്തിറങ്ങിയ ധനുഷ് ചിത്രം ത്രീയിലൂടെയാണ് അനിരുദ്ധ് രവിചന്ദർ എന്ന സംഗീത സംവിധായകൻ സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. അന്ന് അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വൈ ദിസ് കൊലവെറി എന്ന ഗാനം ധനുഷ് ആലപിച്ചപ്പോൾ പോലും ആരും കരുതിയിരിക്കില്ല അതൊരു തുടക്കക്കാരനിൽ നിന്നും പിറന്നതാണെന്ന്. എന്നാൽ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ല. പ്രായഭേദമന്യേ കുഞ്ഞു കുട്ടികൾ മുതൽ യുവാക്കളിൽ വരെ കോളിളക്കം സൃഷ്ടിക്കാൻ ആ ഗാനത്തിന് കഴിഞ്ഞിരുന്നു. പിന്നീടിങ്ങോട്ട് തമിഴ് ചലച്ചിത്ര ലോകത്ത് അനിരുദ്ധ് രവിചന്ദറെന്ന യുവ സംഗീത സംവിധായകന്റെ തരംഗമായിരുന്നു. വണക്കം ചെന്നൈ, കത്തി, തങ്ക മകൻ, ഐ, നാനും റൗഡി താൻ, റെമോ, വേലൈക്കാരൻ, വിക്രംവേദ, കൊലമാവ് കോകില, പേട്ട, ഓ മൈ കടവുളൈ, പാവ കഥൈകൾ, ഡോക്ടർ, വിക്രം, ബീസ്റ്റ് തുടങ്ങീ അൻപതോളം ചിത്രങ്ങൾക്ക് സംഗീതം നൽകിയ അനിരുദ്ധ് മലയാളത്തിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. 2015 ൽ പ്രദർശനത്തിനെത്തിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ റോക്കാൻ കൂത്തെന്ന ഗാനം ആലപിച്ചുകൊണ്ടാണ് അനിരുദ്ധ് മലയാളത്തിലേക്കെത്തിയത്. ശേഷം കല്ല്യാണി പ്രിയദർശൻ ചിത്രമായ ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലും ടട്ട ടട്ടര എന്ന ഗാനം അനിരുദ്ധ് പാടി. തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി ഹിറ്റുകളിലൂടെ വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെയാണ് തന്റേതായ സ്ഥാനം അനിരുദ്ധ്സംഗീത ലോകത്തുറപ്പിച്ചത്.
നടൻ രവി രാഘവേന്ദ്രയുടെയും നർത്തകിയായ ലക്ഷ്മി രവിചന്ദറിന്റെയും മകനായ അനിരുദ്ധ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിന്റെ സഹോദരി പുത്രനാണ്. രജനിയുടെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ ഹ്രസ്വ ചിത്രങ്ങളിൽ പശ്ചാത്തല സംഗീതമൊരുക്കിയായിരുന്നു അനിരുദ്ധിന്റെ കരിയറിലെ തുടക്കം. വിജയയാത്ര ജയിലർ വരെ എത്തി നിൽക്കുമ്പോഴും അനിരുദ്ധ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ജവാനിലും അനിരുദ്ധ് തന്റെ മാജിക്കൽ ടച്ച് പതിപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യൻ താരം നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റത്തെ ചിത്രം മാർക്ക് ചെയ്യുമ്പോൾ തെന്നിന്ത്യയുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ അനിരുദ്ധിന്റെയും തുടക്കമായി അത് മാറുന്നു. ചിത്രത്തിലെ സിന്ദാ ബന്ദ എന്ന ഗാനം പുറത്തിറങ്ങി ഞൊടിയിടയിൽ തന്നെയാണ് സംഗീത പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അനിരുദ്ധിന് കഴിഞ്ഞത്. വിജയ് ചിത്രം ലിയോയിലെ നാൻ റെഡി എന്ന ഗാനവും അനിരുദ്ധിന്റെ ലിസ്റ്റിലെ മറ്റൊരു പുതിയ ഹിറ്റ് തന്നെയാണ്. ഇതിനു പുറമെ ജൂനിയർ എൻ.ടി.ആർ ചിത്രം ദേവര, കമൽഹാസന്റെ ഇന്ത്യൻ 2, അജിത് ചിത്രം വിടാ മുയർച്ചി എന്നിവയിലും അനിരുദ്ധ് തന്റെ മാജിക്കൽ പവർ ഉപയോഗിക്കുന്നു. ഫിലിംഫെയർ, വിജയ് അവാർഡ് ഉൾപ്പെടെ 23 ഓളം അവാർഡുകൾ മുപ്പത്തിരണ്ടുകാരനായ അനിരുദ്ധ് സംഗീത ലോകത്തെ ചെറിയ കാലയളവിനുള്ളിൽ സ്വന്തമാക്കിയിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ എന്ന സംഗീത സംവിധായകൻ ഇന്നൊരു ബ്രാൻഡായി മാറി എന്നതിൽ യാതൊരു സംശയവുമില്ല. ഓരോ സിനിമകൾ സൂപ്പർ ഹിറ്റിലേക്ക് കടക്കുമ്പോഴും അവിടെ തിളങ്ങുന്നത് അനിരുദ്ധ് എന്ന സംഗീതജ്ഞൻ തന്നെയാണ്. അതോടൊപ്പം അവിടെ പ്രതിഫലിക്കുന്നത് ഒരു സംഗീത സംവിധായകന്റെ മികവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |