കൊച്ചി: ശാന്തൻപാറയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജില്ലാ കളക്ടർക്കും അമിക്കസ് ക്യൂറിക്കുമെതിരെ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കൾ നടത്തിയ പരാമർശങ്ങളിൽ ഹൈക്കോടതിക്ക് അതൃപ്തി.
പാർട്ടി ഓഫീസിന്റെ നിർമ്മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവു പാലിക്കാത്തതിനെ തുടർന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസിനെതിരെയുള്ള കോടതിയലക്ഷ്യക്കേസും മൂന്നാറിലെ അനധികൃത നിർമ്മാണം തടയണമെന്ന ഹർജികളും പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്. "ജില്ലാ കളക്ടറും അമിക്കസ് ക്യൂറിയും കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഇരുവർക്കുമെതിരെ സീനിയർ നേതാക്കൾ പത്രസമ്മേളനം വിളിച്ച് പ്രതികരിക്കുന്നതെന്തിനാണ്? ഇതു തുടർന്നാൽ കോടതി നടപടികളിലുള്ള ഇടപെടലായി കാണേണ്ടി വരും. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ രേഖാമൂലം കോടതിയിൽ പറയാം. കോടതിയുടെ ഉത്തരവിൽ തെറ്റുണ്ടെങ്കിൽ അക്കാര്യവും ചൂണ്ടിക്കാട്ടാം. കോടതിയലക്ഷ്യ ഹർജിയെ നിയമാനുസൃതമായി എതിർക്കാനും അപ്പീൽ നൽകാനും റിവ്യൂ നൽകാനുമൊക്കെ കഴിയുമെന്നിരിക്കെ മാദ്ധ്യമങ്ങൾക്കു മുന്നിൽ കളക്ടർക്കെതിരെ പറഞ്ഞിട്ട് എന്തുകാര്യം? - ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു.
കോടതിയുന്നയിച്ച വിഷയം കക്ഷിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും പരസ്യപ്രസ്താവന ഇനിയുണ്ടാവില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |