കോട്ടയം: ചെറുതും വലുതുമായ നിരവധി കുഴികൾ, മഴ പെയ്തതോടെ വെള്ളക്കെട്ടുണ്ടായി കാൽനടയാത്ര പോലും അസാദ്ധ്യം. ഒരുമാസമായി രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ റോഡിന്റെ അവസ്ഥയാണിത്. റെക്കാഡ് ഭൂരിപക്ഷത്തോടെ തങ്ങൾ ജയിപ്പിച്ച ചാണ്ടിയിലാണ് ഇനി നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിലാണ് പുതുപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡ് തകർന്ന് തരിപ്പണമായത്.
പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഈ റോഡിലൂടെയാണ് വാഹനം കടത്തിവിടുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. മാസങ്ങളായി റോഡ് തകർച്ചയിലായിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നത് അപകടത്തിനിടയാക്കും. ഒപ്പം രൂക്ഷമായ ഗതാഗതക്കുരുക്കുമാണ് അനുഭവപ്പെടുന്നത്. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് റോഡിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു. എന്നാൽ ശക്തമായ മഴയിൽ വീണ്ടും പഴയപടിയാകുകയായിരുന്നു. നിയുക്ത എം.എൽ.എയുടെ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി റോഡിലൂടെയുള്ള യാത്ര സുഗമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പൊതുജനങ്ങളും.
അതേസമയം വാഹനയാത്രക്കാർ കുരുക്കിൽ വലഞ്ഞതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ കുഴികൾ താത്കാലികമായി അടച്ചിരുന്നു. വലിയ ഗർത്തം രൂപപ്പെട്ട് വെള്ളം കെട്ടിക്കിടന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് കട്ടകൾ നിരത്തിയാണ് താത്ക്കാലിക പരിഹാരം കണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |