കൊച്ചി: കടൽ ജൈവവൈവിദ്ധ്യവുമായി ബന്ധപ്പെട്ട കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) ഗവേഷണഫലങ്ങൾ ദക്ഷിണ കൊറിയയിൽ നടന്ന യു.എൻ ശില്പശാലയിൽ ശ്രദ്ധ പിടിച്ചുപറ്റി.
സമുദ്രജൈവ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് സിയോളിൽ സസ്റ്റൈനബിൾ ഓഷ്യൻ ഇനിഷ്യേറ്റീവ് ശില്പശാല സംഘടിപ്പിച്ചത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ശുഭ്ദീപ് ഘോഷും സി.എം.എഫ്.ആർ.ഐ മറൈൻ ബയോഡൈവേഴ്‌സിറ്റി വിഭാഗം മേധാവി ഡോ. ഗ്രിൻസൻ ജോർജുമാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
സമുദ്രജൈവ വൈവിദ്ധ്യ സംരക്ഷണത്തിൽ രാജ്യത്തിന്റെ പ്രധാന മുൻഗണനകളായ കണ്ടൽ സംരക്ഷണം, പവിഴപ്പുറ്റുകളുടെ പുനരുജ്ജീവനം, കടലിൽ സംരക്ഷിത മേഖലകൾ നിർണയിക്കൽ, സുസ്ഥിര മത്സ്യബന്ധന രീതി നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങളും ശില്പശാലയിൽ അവതരിപ്പിച്ചു.
സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന്റെ ഭാഗമായി കണ്ടൽവനങ്ങൾ, പവിഴപ്പുറ്റുകൾ, കടൽപുല്ലുകൾ, ഉപ്പുപാടങ്ങൾ, മണൽത്തിട്ടകൾ തുടങ്ങിയവ അടങ്ങുന്ന 34127.20 ചതുരശ്ര കിലോമീറ്റർ പ്രദേശങ്ങൾ സി.എം.എഫ്.ആർ.ഐ മാപ്പ് ചെയ്തിട്ടുണ്ട്.
മാരികൾച്ചർ ഇന്ത്യൻ തീരങ്ങളിൽ ഏറെ സാദ്ധ്യതകളുള്ള സുസ്ഥിര കടൽകൃഷി രീതിയാണ്. കൂടുകൃഷിയും കടൽപ്പായലും സംയോജിപ്പിച്ചുള്ള കൃഷിരീതിയിലൂടെ രാജ്യത്തിന്റെ കടൽപ്പായൽ ഉത്പാദനത്തിൽ 122ശതമാനം വർദ്ധനയുണ്ടായി.
ഡോ. ഗ്രിൻസൻ ജോർജ്
ഓരോ രാജ്യത്തിന്റെയും സാമൂഹിക സാമ്പത്തിക സ്ഥിതിഗതികൾ മനസിലാക്കിയുള്ള സംരക്ഷണരീതികളാണ് ആവിഷ്‌കരിക്കേണ്ടത്. വിഭവങ്ങൾ മനുഷ്യർക്ക് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലും സന്തുലനാവസ്ഥവേണം. നയരൂപീകരണങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണം
ഡോ. ശുഭ്ദീപ് ഘോഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |