തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി പരിഷ്കരിച്ചു. പ്രായപരിധി 27 വയസായി ഉയർത്താനാണ് തീരുമാനം. നിലവിലെ പ്രായപരിധി 25 വയസാണ്. കഴിഞ്ഞ വർഷമാണ് കൺസഷൻ ആനുകൂല്യത്തിനായുള്ള വിദ്യാർത്ഥികളുടെ പ്രായപരിധി 25 വയസായി പരിമിതപ്പെടുത്തിയത്. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രി ആന്റണി രാജുവിനെ സമീപിച്ചിരുന്നു.
കെഎസ്ആർടിസിയിലെ സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് പ്രായപരിധി 25 ആക്കി നിജപ്പെടുത്തിയത് എന്നായിരുന്നു സിഎംഡി ബിജു പ്രഭാകർ കഴിഞ്ഞ വർഷം ഉത്തരവിലൂടെ അറിയിച്ചത്. എന്നാൽ ഇതുമൂലം വിദ്യാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കണക്കിലെടുത്താണ് പ്രായപരിധി ഉയർത്താൻ തീരുമാനമായത്. വിദ്യാർത്ഥി സംഘടനകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് നടപടിയെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
അതേസമയം വിദ്യാർത്ഥികൾക്ക് ബസ് ജീവനക്കാർ മറ്റ് യാത്രികർക്ക് നൽകുന്ന പരിഗണന തന്നെ നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കൺസഷന്റെ പേരിൽ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുത്. ബസ് ജീവനക്കാരുടെ ഇത്തരം പ്രവണത ക്രമസമാധാന നില തകരാറിലാകാൻ പോലും കാരണമാകാറുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബസ് ജീവനക്കാർ പ്രതിയായ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട ഉത്തരവിലായിരുന്നു കോടതിയുടെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |