തൃശൂർ: കേരളത്തിൽ ഐസിസ് രൂപീകരിക്കാനുള്ള നീക്കത്തിന് തടയിട്ട് എൻ ഐ എ. 'പെറ്റ് ലവേഴ്‌സ്' എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐസിസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തി.
ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐസിസ് ഭീകരരുമായി ബന്ധത്തിലാവുകയായിരുന്നു. കേരളത്തിലെ യുവാക്കൾക്ക് ഐസിസ് പ്രവർത്തനത്തിന് പരിശീലനം നൽകുന്നതിനായാണ് ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. ഇതിൽ നിന്നാണ് വധിക്കാൻ പദ്ധതിയിട്ട ക്രിസ്‌ത്യൻ മതപണ്ഡിതന്റെ പേര് വിവരങ്ങളടക്കം എൻ ഐ എ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ജൂലായിൽ ഐസിസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തൃശൂർ പാടൂർ സ്വദേശി മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36) എൻ ഐ എയുടെ പിടിയിലായിരുന്നു. കേരളത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ സ്‌ഫോടനങ്ങൾ നടത്താനും സമുദായനേതാക്കളെ ആക്രമിക്കാനും ഇയാളുടെ നേതൃത്വത്തിൽ നാലുപേർ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. ഇവരിൽ ഒരാളാണ് കഴിഞ്ഞദിവസം പിടിയിലായ സയ്യദ് നബീൽ അഹമ്മദ്. ഇതിൽ പാലക്കാട് കോട്ടായി സ്വദേശി റായിസും പിടിയിലായിരുന്നു. സംഘത്തിൽ പങ്കാളിയായ ഷിയാസ് ടി. എസിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |