ന്യൂഡൽഹി :രാജ്യദ്രോഹക്കുറ്റം (124 എ) മൗലികാവകാശങ്ങളുടെ ലംഘനമാണോയെന്ന് സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് പരിശോധിക്കും. അഞ്ചംഗ ബെഞ്ചോ, ഏഴംഗ ബെഞ്ചോ ഏതാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനിക്കും.
2022 മേയിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം (124 എ) സുപ്രീംകോടതി സ്റ്രേ ചെയ്‌തിരുന്നു. ഇതിന്റെ തുടർ നടപടിയെന്ന നിലയിലാണ് പുതിയ തീരുമാനം.
രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികളാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെയും കടുത്ത എതിർപ്പ് തള്ളിയാണ് ഈ നടപടി.
സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, ജീവീക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യം എന്നിവ നിഷേധിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കുക. 1962ലെ കേദാർനാഥ് സിംഗ് വിധിയിൽ രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത അഞ്ചംഗ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയുടെ കൃത്യതയാണ് വിശാലബെഞ്ച് പുനഃപരിശോധിക്കുന്നത്.
കഴിഞ്ഞ വർഷത്തെ സ്റ്റേ ഉത്തരവിൽ
124 എ വകുപ്പ് ചുമത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യരുതെന്ന് കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശവും നൽകിയിരുന്നു. കൊളോണിയൽ നിയമമാണമെന്നും ഗാന്ധിജി, ബാലഗംഗാധര തിലകൻ തുടങ്ങിയവർക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു.
കേന്ദ്ര നിലപാട്
രാജ്യദ്രോഹക്കുറ്റത്തിലുൾപ്പെടെ നിയമ പരിഷ്ക്കരണം വരുന്നുണ്ട്
ഇതിനായി പാർലമെന്റിൽ ഭാരതീയ ന്യായ സംഹിത ബിൽ അവതരിപ്പിച്ചു
ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമാണ് ഭാരതീയ ന്യായ സംഹിത
ബിൽ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്രിയുടെ പരിഗണനയിലാണ്
കോടതി നിരീക്ഷണം
രാജ്യദ്രോഹക്കുറ്റം (124 എ) ഇപ്പോഴും നിയമ പുസ്തകത്തിലുണ്ട്. അതിനാൽ പ്രോസിക്യൂഷൻ നടപടികൾ തുടരുന്ന സാഹചര്യം.
പുതിയ നിയമം അത് പ്രാബല്യത്തിലാകുന്ന ദിവസം മുതലുള്ള കേസിലാണ് നടപ്പിലാവുന്നത്.
നിലവിലെ കേസുകളുടെ കാര്യത്തിൽ കോടതി ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്
ഭാരതീയ ന്യായസംഹിത
രാജ്യദ്രോഹത്തിന്റെ 124 എ വകുപ്പിന് പകരം കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വകുപ്പ് 150 ചേർത്തു. വിഘടനവാദം, സായുധ വിപ്ലവം, രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് ഭീഷണിയുയർത്തൽ എന്നിവയിൽ ഏർപ്പെട്ടാൽ ജീവപര്യന്തം കഠിനതടവ് വരെ. കുറഞ്ഞത് ഏഴ് വർഷം തടവും പിഴയും.
'ഭാരതീയ ന്യായസംഹിതയിലെ വ്യവസ്ഥകൾ നിലവിൽ ഉള്ളതിനേക്കാൾ മോശം".
- കപിൽ സിബൽ, ഹർജിക്കാരുടെ അഭിഭാഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |