ഭൂമി ഈടു വച്ച് 40 കോടി വായ്പയെടുക്കും
തിരുവനന്തപുരം: ഇരുന്നൂറ് കോടിയുടെ കടത്തിൽ മുങ്ങിനിൽക്കുന്ന കാർഷിക സർവകലാശാല, കര കയറാൻ 65 സ്വാശ്രയ കോഴ്സുകൾ തുടങ്ങുന്നു. ഇതിനായി, 40 കോടി രൂപ ബാങ്ക് വായ്പയെടുക്കും.
25 ന്യൂജനറേഷൻ പി.ജി, പിഎച്ച്.ഡി കോഴ്സുകളും 40 സർട്ടിഫിക്കറ്റ് കോഴ്സുകളുമാണ് തുടങ്ങുക. ന്യൂജനറേഷൻ കോഴ്സുകളിൽ 900 സീറ്റുകളുണ്ടാവും. 100 പേർക്ക് ഗവേഷണത്തിനും അവസരമുണ്ട്. പ്രതിവർഷം 12 കോടി വരുമാനമാണ് ലക്ഷ്യം. സർക്കാർ ജീവനക്കാർ, സംരംഭകർ, കർഷകർ എന്നിവർക്കടക്കം 2000 പേർക്ക് പരിശീലനത്തിനാണ് പുതിയ കോഴ്സുകൾ. ദേശീയതലത്തിലാണ് പ്രവേശനം. വിദേശ വിദ്യാർത്ഥികളെയും എൻ.ആർ.ഐകളുടെ മക്കളെയും ഉയർന്ന ഫീസിൽ പ്രവേശിപ്പിക്കും. നിലവിലെ ബി.ടെക്, ബിഎസ്‌സി കോഴ്സുകളിലെ സീറ്റും കൂട്ടും. പുതിയ 15 കോഴ്സുകൾക്ക് ഒന്നര ലക്ഷം വരെയാണ് ഫീസ്.
തിരുവനന്തപുരം, തൃശൂർ, വയനാട്, കാസർകോട് അടക്കം 8 കാമ്പസുകളും 45 സെന്ററുകളുമുള്ള വാഴ്സിറ്റിക്ക് സ്വന്തമായി 2000 ഹെക്ടർ ഭൂമിയുണ്ട്. ഇതിൽ ഒരു കാമ്പസിന്റെ ഭൂമി ഈടു വച്ച് 40 കോടി വരെ ബാങ്ക് വായ്പയെടുക്കാനാണ് ഭരണസമിതി തീരുമാനം. ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടറുകൾ അടക്കം അടിസ്ഥാനസൗകര്യങ്ങൾക്ക് 10 കോടി ചെലവുണ്ട്. ദേശസാത്കൃത ബാങ്കുകളുമായും കേരള ബാങ്കുമായും ചർച്ച തുടങ്ങി. കോഴ്സ് വരുമാനത്തിൽ നിന്ന് വായ്പ തിരിച്ചടയ്ക്കും.10 വർഷത്തിലേറെയായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിരമിക്കൽ ആനുകൂല്യം, ശമ്പള പരിഷ്കരണ കുടിശിക ഇനങ്ങളിൽ 200 കോടിയോളം വാഴ്സിറ്റി കൊടുക്കാനുണ്ട്. ഭൂമി വിറ്റഴിച്ച് പണം കണ്ടെത്താനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും വൈസ് ചാൻസലർ ഡോ.ബി.അശോക് പുതിയ പദ്ധതി തയ്യാറാക്കുകയായിരുന്നു.
അദ്ധ്യാപകർ-526
വിദ്യാർത്ഥികൾ-3000
766 അദ്ധ്യാപക തസ്തികകളാണ് വാഴ്സിറ്റിയിൽ. നിലവിൽ 526പേരുണ്ട്. അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1:5പോലുമില്ല. 3000ൽതാഴെ വിദ്യാർത്ഥികളേയുള്ളൂ. പി.ജിവിദ്യാർത്ഥികൾ 600 പേർ മാത്രം.
359 കോടി
ഗ്രാന്റ് പോയി
കഴിഞ്ഞ7 വർഷം പദ്ധതി, പദ്ധതിയിതര ഗ്രാന്റിൽ 359 കോടിയുടെ കുറവാണ് വരുത്തിയത്. 75 കോടിയാണ് പദ്ധതിവിഹിതമെങ്കിലും 19- 20 കോടിയേ നൽകാറുള്ളൂ. 400 കോടിയുടെ നോൺപ്ലാൻ ഫണ്ടിലും കുറവു വരുത്താറുണ്ട്.
''അധിക ഫീസ് വരുമാനമുണ്ടായാൽ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള കുടിശികയിൽ 10- 20കോടി പ്രതിവർഷം കൊടുത്തുതീർക്കാനാവും. ""
-ഡോ.ബി.അശോക്
വൈസ്ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |