തിരുവനന്തപുരം: ജാതി വിവേചനം.നേരിടേണ്ടി വന്നുവെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുമായി തനിക്ക് സംസാരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ മന്ത്രി പറഞ്ഞതിനെ അവിശ്വസിക്കേണ്ടതുമില്ല. അദ്ദേഹവുമായി സംസാരിച്ച് ഇക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കും.
നമ്മുടെ സംസ്ഥാനം ഇത്തരം വിവേചനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായി നിൽക്കുന്ന ഇടമാണ്. ദേവസ്വത്തിന്റെ ചുമതലയുള്ള മന്ത്രിയായ. അദ്ദേഹം ഒരു ക്ഷേത്രത്തിൽ ചടങ്ങിന് പോയി. അവിടെ പൂജാരിയും സഹ പൂജാരിയും ചേർന്ന് വിളക്ക് കൊളുത്തുന്നതിൽ മന്ത്രിക്ക് നേരേ അയിത്തം കാട്ടിയെന്നാണ് പരാതി.
ഓൺലൈൻ ആപ്പുകൾ
നിരോധിക്കണം:മുഖ്യമന്ത്രി
തിരുവനന്തപുരം:റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാനനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
. ആളുകളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന ഇത്തരം ഓൺലൈൻ ആപ്പുകളുടെ പ്രവർത്തനത്തിന് തടയിടാൻ സംസ്ഥാന പൊലീസും പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പൊലീസിനെ ബന്ധപ്പെടണം. ഇക്കാര്യത്തിൽ പൊതുവായ ബോധവത്കരണം ആവശ്യമുണ്ട്. മാദ്ധ്യമങ്ങളുടെ പിന്തുണ ഇക്കാര്യത്തിലുണ്ടാവണം. സാധാരണ ഇത്തരം ആപ്പുകളെ ആളുകൾ സമീപിക്കുമ്പോൾ ഫോണിലെ വിവരങ്ങളെല്ലാം അവരിലേക്കെത്തുകയാണ്. അത് വലിയ തോതിൽ ദുരുപയോഗിക്കപ്പെടും. വാങ്ങുന്ന പണം തിരിച്ചടച്ചാൽ പോലും പ്രതികൂലമായി ഈ വിവരങ്ങളെ ഉപയോഗിക്കുകയാണ്.
സഹകരണമേഖലയെ
തകർക്കാൻ നീക്കം
കരുവന്നൂർ സഹകരണബാങ്കിന്റെ പേരിൽ നടക്കുന്ന ഇ.ഡി നീക്കം സഹകരണമേഖലയെ തകർക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. നോട്ട് നിരോധനം വന്നപ്പോൾ സഹകരണമേഖലയെ മൊത്തത്തിൽ തകർക്കാൻ നീക്കം നടന്നു. കേരളത്തിലെ സഹകരണമേഖലയെ ഉന്നമിട്ട് ചില ശക്തികൾ അന്നുണ്ടായി. അന്നതിനെ എതിർക്കാൻ എല്ലാവരും തയാറായി.
ഇപ്പോഴാകട്ടെ സഹകരണമേഖലയെ മൊത്തത്തിൽ തകർക്കാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് അന്വേഷണ ഏജൻസികളുടെ ഇടപെടൽ. ഒരു ബാങ്കിൽ ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുന്നതിന് ആരുമെതിരല്ല. തൃശൂരിലെ കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചത്. എന്നാൽ അതിന്റെ മറവിൽ സുതാര്യമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെയടക്കം അപകീർത്തിപ്പെടുത്തുകയാണ്. അത് സി.പി.എമ്മിനെ മാത്രമായി ലക്ഷ്യം വച്ചല്ല. സഹകരണമേഖലയെ ആകെയാണ്. ഇത്തരം അവസരങ്ങളിൽ സഹകരണമേഖല രാഷ്ട്രീയത്തിനതീതമായി യോജിച്ചുനിൽക്കണം.കരുവന്നൂർ കേസ് ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി നടപടിയും സ്വീകരിച്ചുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |