ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർണായക തീരുമാനങ്ങളെടുക്കുന്ന 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒ.ബി.സി വിഭാഗക്കാരെന്നും ഈ മനോഭാവമാണ് വനിതാ സംവരണ ബില്ലിൽ പ്രതിഫലിച്ചതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള സെക്രട്ടറിമാർ ബഡ്‌ജറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് നിയന്ത്രിക്കുന്നത്. ലോക്‌സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബില്ലിൽ ഒ.ബി.സി സംവരണം ഉൾപ്പെടുത്തണം. ധൃതി പിടിച്ച് ബിൽ കൊണ്ടുവന്നതിൽ ദുരൂഹതയുണ്ട്. ഒ.ബി.സി സമൂഹത്തിലെ സ്ത്രീകൾക്കും സംവരണം ലഭിക്കണം. ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങൾ എത്രയെന്നറിയാൻ ജാതി സെൻസസ് നടത്തണം. യു.പി.എ സർക്കാർ നടത്തിയ ജാതി സെൻസസിന്റെ വിവരങ്ങൾ പുറത്തുവിടണം.
ബിൽ നടപ്പാക്കാൻ പുതിയ സെൻസസും മണ്ഡല പുനർനിർണയവും വേണമെന്ന ആവശ്യം വിചിത്രമാണ്. വേണമെങ്കിൽ വനിതാ സംവരണം ഇന്ന് നടപ്പാക്കാനാകും. അദാനി വിഷയം അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ധൃതി പിടിച്ച് ബിൽ കൊണ്ടുവന്നത്. പുതിയ പാർലമെന്റിൽ ആദിവാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രപതിയെ കൊണ്ടുവരാതിരുന്നത് ശരിയായില്ലെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |