വാഷിംഗ്‌ടൺ: ഗൂഗിൾ മാപ്പിന്റെ നിർദേശം പാലിച്ച് വാഹനമോടിച്ച് അപകടത്തിൽപ്പെട്ട് മരിച്ചയാളുടെ കുടുംബം ടെക്ക് ഭീമനെതിരെ നിയമനടപടിക്കൊരുങ്ങുന്നു. നോർത്ത് കരോലിന സ്വദേശിയാണ് ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത്. നാവിഗേഷൻ സംവിധാനം അപ്‌ഡേറ്റ് ചെയ്യുന്നതിൽ ഗൂഗിൾ പരാജയപ്പെട്ടു എന്നാരോപിച്ചാണ് കുടുംബം വേക്ക് കൗണ്ടി സുപ്പീരിയർ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്നയാളായ ഫിലിപ്പ് പാക്‌സൺ ആണ് കഴിഞ്ഞവർഷം സെപ്‌തംബർ 30ന് തന്റെ ഗ്ളാഡിയേറ്റർ ജീപ്പ് നോർത്ത് കരോലിനയിലെ ഹിക്കറിയിലുള്ള മഞ്ഞ് താഴ്‌വരയിൽ വീണ് മരിച്ചത്. മകളുടെ ജന്മദിനാഘോഷം കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു പാക്‌സൺ. അറിവില്ലാത്ത പ്രദേശമായതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു കാർ ഓടിച്ചിരുന്നത്.
ഇതിനിടെ ഒൻപത് വർഷം മുൻപ് തകരുകയും പിന്നീട് പണികഴിപ്പിക്കുകയും ചെയ്യാത്ത ഒരു പാലം കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. തുടർന്ന് 20 അടി താഴ്‌ചയിലേയ്ക്ക് കാർ മറിഞ്ഞ് പാക്‌സൺ മരിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. റോഡിൽ മതിലുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാതിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗൂഗിൾ മാപ്പിനെതിരെ നിരവധി പരാതികൾ പലരും ചൂണ്ടിക്കാട്ടിയതായും അവരുടെ നാവിഗേഷൻ സംവിധാനം അപ്പ്‌ഡേറ്റ് ചെയ്യാൻ കമ്പനിയോട് പലതവണ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
തകർന്ന പാലത്തിലേയ്ക്ക് ഗൂഗിൾ മാപ്പ് ദിശാനിർദേശം നൽകുന്നതായി അതിലെ 'തിരുത്ത് നിർദേശിക്കുക' എന്ന ഫീച്ചറിൽ ഒരു ഹിക്കറി താമസക്കാരി 2020ൽ ഗൂഗിൽ മാപ്പിനെ അറിയിച്ചതായും പരാതിയിലുണ്ട്. നിർദേശം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചെങ്കിലും ഗൂഗിൾ തുടർനടപടി സ്വീകരിച്ചില്ലെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |