ചെന്നൈ: പിജി മെഡിക്കൽ പ്രവേശനത്തിനായുളള യോഗ്യത പൂജ്യമായി കുറച്ചതിനെതിരെ രൂക്ഷവിമർശനം നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മെഡിക്കൽ കൗൺസിൽ കമ്മിറ്റിയാണ് പി ജി കോഴ്സുകളുടെ യോഗ്യതാ ശതമാനം പൂജ്യമായി കുറച്ചിരിക്കുന്നത് . പി ജി കൗൺസിലിംഗിന്റെ മൂന്നാം റൗണ്ടിനായുളള പുതിയ രജിസ്‌ട്രേഷൻ ചോയിസ് പൂരിപ്പിക്കുന്നതിനും യോഗ്യതാ ശതമാനം കുറച്ചതിന് ശേഷം ഉദ്യോഗാർത്ഥികൾക്കായി തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ഏകദേശം 1300 പിജി മെഡിക്കൽ സീറ്റുകളാണ് അഡ്മിഷൻ നടക്കാതെ ഒഴിഞ്ഞ് കിടന്നത്. എന്നാൽ ഇത്തരം കോഴ്സുകൾക്ക് പ്രതിവർഷം 25 ലക്ഷം വരെ ഈടാക്കുന്ന രാഷ്‌ട്രീയക്കാർ നടത്തുന്ന സ്വകാര്യകോളേജുകളിലെ സീറ്റുകൾ നിറയ്ക്കാനുളള ശ്രമമാണിതെന്ന് വിമർശനം ഉയർന്നിരുന്നു. ഭാവിയിലെ ഡോക്ടർമാരുടെ നിലവാരത്തകർച്ചയ്‌ക്ക് ഇടയാക്കും എന്ന് പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
നീറ്റ് പോലുളള പരീക്ഷകൾ സ്വകാര്യ കോച്ചിംഗിന് പോകുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്ക് മാത്രമേ ഉപകാരപ്രദമാകുകയുളളൂ എന്നും പാവപ്പെട്ട ഗ്രാമീണരായ വിദ്യാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുകയാണ് എന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിച്ചു. പൂജ്യം കട്ട് ഓഫ് കേന്ദ്രസർക്കാരിന്റെ കുറ്റസമ്മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കട്ട് ഓഫ് പൂജ്യമായി കുറയ്ക്കുന്നതിലൂടെ നീറ്റ് അർത്ഥ ശൂന്യമാണെന്ന് കേന്ദ്രസർക്കാർ അംഗീകരിക്കുന്നു. നീറ്റിന് മെരിറ്റുമായി ബന്ധമില്ലെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം നീറ്റ് പ്രവേശനത്തിനായുളള പരീക്ഷ നിർത്തലാക്കിയിരുന്നു എന്നും പ്ലസ്ടു പരീക്ഷയിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനമാക്കിയാണ് എംബിബിഎസ് പ്രവേശനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യു പി എ യുടെ ഭരണകാലത്ത് മുൻ രാഷ്ട്രപതി എ പി ജെ അബ്‌ദുൽ കലാം തമിഴ്നാട്ടിൽ നിന്നും നീറ്റ് ഒഴിവാക്കാനുളള അനുമതി നൽകിയിരുന്നു. നിലവിൽ സംസ്ഥാന അസംബ്ലി ബില്ല് പാസാക്കിയെങ്കിലും രാഷ്ട്രപതി ദ്രൗപതി മുർമു ബില്ല് പ്രാബല്യത്തിൽ കൊണ്ടുവരാൻ ഇതുവരെ അനുമതി നൽകിയിട്ടില്ല. വിമർശനങ്ങളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നും സ്റ്റാലിൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |