വിഴിഞ്ഞം: ആന്ധ്രയിൽ നിന്ന് കാറിൽ കടത്തിയ കഞ്ചാവുമായി നാല് യുവാക്കളെ എക്‌സൈസ് സംഘം പിന്തുടർന്ന് പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം (27),ബീമാപള്ളി സ്വദേശി സജീർ (25) എന്നിവരെയും ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ ബീമാപള്ളി സ്വദേശി മുജീബ് (33),റാഫി (31) എന്നിവരെയുമാണ് അറസ്റ്റിലായത്.
കഞ്ചാവ് കടത്തിന്റെ മുഖ്യസൂത്രധാരനാണ് മുജീബ്. പാച്ചല്ലൂർ അഞ്ചാംകല്ല് ഭാഗത്തു വച്ച് പിടിയിലായ ഇവരിൽ നിന്ന് കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 30 ലക്ഷത്തോളം രൂപ വിലയുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ ജെസിം,സജീർ എന്നിവർ കാരിയർമാരാണ്. റെന്റ് എ കാറിൽ ആന്ധ്രയിലെത്തി കഞ്ചാവുമായി നഗരത്തിലെത്തിയ ശേഷം കാറുകൾ പരസ്‌പരം കൈമാറുകയാണ് പതിവ്. ജി.പി.എസ് സംവിധാനമുള്ള കാറായതിനാൽ പോകുന്ന സ്ഥലം കാറുടമയ്‌ക്ക് അറിയാമെന്നും കേസിൽ പങ്ക് വ്യക്തമായാൽ ഇയാൾക്കെതിരെയും കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ 15ന് കാറുമായി ആന്ധ്രയിൽ പോയി കഞ്ചാവുമായി തിരികെ എത്തിയവരെ പിന്തുടർന്ന എക്സൈസ് സംഘം കോവളം ഭാഗത്തുവച്ച് തടഞ്ഞുനിറുത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് ഏറ്റുവാങ്ങാൻ മറ്റ് രണ്ടുപേരെത്തിയത്. കാറിന്റെ ഡിക്കിയിൽ 17 പൊതികളായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 55 കിലോ കഞ്ചാവ് കടത്തിയ സംഭവത്തിൽ വിഴിഞ്ഞം സ്റ്റേഷനിൽ സജീറിനെതിരെ നേരത്തെ കേസുണ്ട്. പിടിയിലായ സംഘം ഇത്തരത്തിൽ മുമ്പും കഞ്ചാവ് കടത്തിയിരുന്നു. വിനോദയാത്രയ്ക്കെന്ന പേരിലാണ് ഇവർ കാർ വാടകയ്ക്കെടുക്കുന്നത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജി.സുനിൽകുമാർ,സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാർ,എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ,എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ,ആർ.ജി.രാജേഷ്,എസ്.മധുസൂദനൻ നായർ,പ്രിവന്റീവ് ഓഫീസർ പ്രകാശ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്,സുബിൻ,രജിത്ത്,ശരത്, മുഹമ്മദലി,കൃഷ്ണകുമാർ ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്,രാജീവ്,അരുൺ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |