ന്യൂഡൽഹി: സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ അതൃപ്തി അറിയിച്ച് വിദ്യാർത്ഥി യൂണിയൻ. സുരേഷ് ഗോപിയെ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ തങ്ങൾ എതിർക്കുന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.
'25വർഷത്തെ പാരമ്പര്യമുള്ള ഒരു സ്ഥാപനമാണ് എസ്ആർഎഫ്ടിഐ. ഇതിഹാസ ചലച്ചിത്ര നിർമ്മാതാവ് സത്യജിത് റേയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിന് കലാപരവും ബൗദ്ധികവുമായ മികവാൽ സമ്പന്നമായ ചരിത്രമുണ്ട്. ഈ സ്ഥാപനത്തിെ നയിക്കേണ്ട വ്യക്തിക്ക് കലാസ്വാതന്ത്ര്യം, ബഹുസ്വരത തുടങ്ങിയ മൂല്യങ്ങൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ബിജെപിയുമായുള്ള ബന്ധത്തിന്റെയും പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഈ രാജ്യത്തിന്റെ മതേതര ഘടനയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ പോലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാൽ സുരേഷ് ഗോപി പ്രസിഡന്റായാൽ അത് നമ്മുടെ സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വർഷങ്ങളായുള്ള പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാൻ കെൽപ്പുള്ള ഒരാളെയാണ് ഞങ്ങൾക്ക് വേണ്ടത്.'- എന്നാണ് സ്റ്റുഡന്റ്സ് യൂണിയൻ പുറത്തുവിട്ട ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ, നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് സുരേഷ് ഗോപിയെ വേദനിപ്പിച്ചതായാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചത്. തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താനിരിക്കുകയാണ്. പദയാത്രയുടെ ബോർഡുകൾ വരെ സ്ഥാപിച്ചുകഴിഞ്ഞു. മാത്രമല്ല, തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നൽകിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
അതേസമയം, സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചത്. ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും നേതാക്കൾ അറിയിച്ചു.
സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വർഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാർത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |