ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുന്നതിന് പകരം ഹൈദരാബാദിൽ വന്ന് മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വാചകമടി നിർത്തി മത്സരരംഗത്തേക്ക് കടന്നുവരണമെന്നും അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്തത് കോൺഗ്രസ് ഭരണകാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദരാബാദിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസുകാരോടാണ്, ഞാൻ നിങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നു. വയനാടിൽ അല്ല, ഹൈദരാബാദിൽ മത്സരിച്ച് ജയിക്കൂ. രാഹുൽ, നിങ്ങൾ വാചകമടി നിർത്തി, മത്സരരംഗത്തേക്ക് കടന്നുവരൂ. ഒരുപാട് ന്യായീകരണങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കുണ്ടാകും. എന്നാൽ ഞാൻ എന്തും നേരിടാൻ തയ്യാറാണ്. ബാബരി മസ്ജിദും സെക്രട്ടറിയേറ്റിലെ മസ്ജിദും പൊളിച്ചത് കോൺഗ്രസ് ഭരിച്ചിരുന്ന കാലത്താണ്'- ഒവൈസി പറഞ്ഞു.
തെലങ്കാനയിൽ കോൺഗ്രസും എഐഎംഐഎമ്മും കടുത്ത എതിരാളികളാണ്. ഈ വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ഇരുപാർട്ടികളും പ്രതീക്ഷിക്കുന്നത്. ഈ മാസം ആദ്യം രാഹുൽ ഗാന്ധി എഐഎംഐഎമ്മിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെലങ്കാനയിൽ എഐഎംഐഎം ബിജെപിക്കൊപ്പവും ബിആർഎസിനൊപ്പവും ചേർന്ന് പ്രവത്തിക്കുകയാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്.
'തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി ബിആർഎസിനെ മാത്രമല്ല നേരിടേണ്ടത്. ബിആർഎസ്, ബിജെപി, എഐഎംഐഎം മുന്നണികളെയാണ്. അവർക്ക് അവർ പറയുന്നത് ഒറ്റയ്ക്കാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവർ ഒരു കുടക്കീഴിൽ നിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്'- രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി എന്നിവർക്കെതിരെ ഇഡി ഒരു കേസും പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അതിന് കാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റവും അടുപ്പമുള്ളത് കൊണ്ടാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഭരണകക്ഷിയായ ബിആർഎസ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ച് കഴിഞ്ഞു. സംസ്ഥാനത്ത് അധികാരത്തിൽ എത്തിയാൽ നടപ്പിലാക്കുന്ന ആറ് പദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |