തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് കോൺഗ്രസ് പ്രവർത്തകനെ വീണ്ടും അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി എബിൻ കോടങ്കര(27)യെ ആണ് പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസ് തലസ്ഥാനത്തെത്തി അറസ്റ്റ് ചെയ്തത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ എബിന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് സമാനമായ കുറ്റകൃത്യത്തിന് വീണ്ടും അറസ്റ്റിലായത്.
എബിൻ, കോട്ടയം കുഞ്ഞച്ചൻ എന്ന ഫേസ്ബുക്ക് ഐഡി വഴി ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് ശ്രീകൃഷ്ണപുരം പൊലീസിന് ലഭിച്ച പരാതി. ഇയാളുമായി പൊലീസ് സംഘം പാലക്കാട്ടേയ്ക്ക് മടങ്ങി.
എ എ റഹീം എംപിയുടെ ഭാര്യ അമൃത റഹീം, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹർഷ എന്നിവർ നൽകിയ സമാനമായ പരാതിയിൽ എബിനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്‌ബുക്കിൽ താൻ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് അമൃത റഹീം പരാതി നൽകിയത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയിൽ നിന്ന് തന്നെയാണ് എബിൻ അപകീർത്തിപരമായ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ ഇയാൾക്ക് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എബിനെതിരെ പൊലീസ് ചുമത്തിയത് ദുർബലമായ വകുപ്പുകൾ ആണെന്ന വിമർശനത്തോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |