ന്യൂഡൽഹി: ഇന്ത്യയെ വിഭജിക്കുകയാണ് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നുനിന്റെ ലക്ഷ്യമെന്ന് എൻ.ഐ.എയുടെ റിപ്പോർട്ട്. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുടെ സ്ഥാപകനായ ഇയാൾ മതാടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളിൽ വേർതിരിവ് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചാബിനെ വേർപെടുത്തി ഖാലിസ്ഥാൻ എന്ന പേരിൽ പുതിയ രാജ്യം സൃഷ്ടിക്കുകയാണ് പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. 'ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ഉർദുസ്ഥാൻ ' എന്ന പേരിട്ട ഒരു മുസ്ലീം രാഷ്ട്രം സൃഷ്ടിക്കുന്നതും ലക്ഷ്യം. കാശ്മീരിനെ വേർപെടുത്തുക എന്ന ലക്ഷ്യത്തോടെ കാശ്മീർ ജനതയിൽ ഭിന്നിപ്പ് സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലും ഇയാൾ സജീവമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖാലിസ്ഥാനി പതാക ഉയർത്തുമെന്ന് ഒരിക്കൽ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പഞ്ചാബിലെ അമൃത്സറിൽ ജനിച്ച പന്നുൻ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടി. വിഭജന സമയത്ത് പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേക്കെത്തിയതാണ് പന്നുനിന്റെ കുടുംബം. ഇയാളിപ്പോൾ യു.എസിലെന്ന് കരുതുന്നു.
തന്റെ അജണ്ടയെ പിന്തുണയ്ക്കുന്നവർക്ക് ഇയാൾ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഖാലിസ്ഥാൻ പതാക നാട്ടുന്നവർക്ക് 25 ലക്ഷം ഡോളർ നൽകുമെന്നും 2021ലെ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്ന പൊലീസുകാർക്ക് 10 ലക്ഷം ഡോളർ നൽകുമെന്നും ഇയാൾ പ്രഖ്യാപിച്ചിരുന്നു. 2019 ജൂലായ് 10ന് സിഖ്സ് ഫോർ ജസ്റ്റിസിനെ കേന്ദ്ര സർക്കാർ നിരോധിക്കുകയും 2020 ജൂലായ് ഒന്നിന് പന്നുനിനെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരെ വീഡിയോ സന്ദേശങ്ങളിലൂടെയും മറ്റും ഇയാൾ നിരവധി തവണ ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞാഴ്ച ഇയാളുടെ അമൃത്സറിലെയും ചണ്ഡീഗഡിലെയും സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി രാജ്യദ്രോഹമടക്കം 16 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, കാനഡയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ള ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സിഖ്സ് ഫോർ ജസ്റ്റിസ് അംഗങ്ങൾക്ക് ഇയാൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |