വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ മദ്ധ്യവയസ്കന് ദാരുണാന്ത്യം. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉണ്ടായ ആക്രമണത്തിൽ ചേരമ്പാടി സ്വദേശിയായ കുമാരൻ (45) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന ചപ്പത്തോട് തമിഴ്നാട് അതിർത്തിയ്ക്കുള്ളിലാണ്. ഇവിടേയ്ക്ക് നടന്നുപോകുന്നതിനിടയിലാണ് കാട്ടാന ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുമാരൻ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. വിവരമറിഞ്ഞ് തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം ഒരു സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ജൂലായിൽ നടന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുൻപാണ് മറ്റൊരു ജീവൻ കൂടി പൊലിഞ്ഞത്.
അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം പോത്തുകല്ലിനടുത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ മദ്ധ്യവയസ്കന് ജീവൻ നഷ്ടമായിരുന്നു. മലപ്പുറം പോത്തുകല്ലിനടുത്തുള്ള വനാതിർത്തിയിലാണ് സംഭവം. പശുവിനെ മേയ്ക്കാനായി പോയ ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടുതോട്ടത്തിൽ ജോസാണ് മരിച്ചത്.വനാതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് ജോസ് പശുവിനെ കെട്ടിയിരുന്നത്. വൈകുന്നേരം പശുവുമായി തിരികെ മടങ്ങുന്നതിനിടയിലായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ പ്രദേശവാസിയാണ് കണ്ടെത്തിയത്. ചോരയിൽ കുളിച്ച് കിടന്ന ജോസിനെ ഉദ്യോഗസ്ഥരെത്തി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുൻപ് തന്നെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |