ന്യൂഡൽഹി: കൊളീജിയം ശുപാർശകളിൽ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വീണ്ടും സുപ്രീംകോടതി. 70 ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ശുപാർശകളിൽ നടപടിയെടുക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു.
ജുഡിഷ്യൽ നിയമന ശുപാർശകൾ അംഗീകരിച്ച് ഉത്തരവിറക്കാൻ കേന്ദ്രസർക്കാരിന് സമയപരിധി നിശ്ചയിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷനാണ് ഹർജിക്കാർ.
കൂടുതൽ പറയുന്നില്ല, ഇനി നിശ്ശബ്ദത പാലിക്കില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ
ഏറ്റവും ചുരുങ്ങിയത്, ഇക്കഴിഞ്ഞ ഏപ്രിൽ വരെ ശുപാർശ ചെയ്തവയുടെ അവസ്ഥ എന്തെന്നറിയിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് ജസ്റ്റിസ് എസ്.കെ. കൗൾ ആവശ്യപ്പെട്ടു. ഒരാഴ്ച സമയം എ.ജി ആവശ്യപ്പെട്ടതിനെ തുടർന്ന് ഒക്ടോബർ ഒമ്പതിലേക്ക് ഹർജി മാറ്റി.
ഒരുപാട് കാര്യങ്ങൾ പറയണമെന്ന് വിചാരിച്ചതാണ്. എ.ജി സമയം ചോദിച്ചതിനാൽ തത്ക്കാലം കൂടുതൽ പറയുന്നില്ല. തുടർച്ചയായും സൂക്ഷ്മമായും വിഷയം വിലയിരുത്തും. ഓരോ 10 -12 ദിവസം കൂടുമ്പോൾ പരിഗണിക്കും. വിരമിക്കുന്ന ഡിസംബർ 25ന് മുമ്പ് കാര്യമായ പുരോഗതിയുണ്ടാക്കുമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ കൂട്ടിച്ചേർത്തു. ജുഡിഷ്യൽ നിയമനങ്ങൾ അനന്തമായി നീളുന്നതിൽ 2022 നവംബറിലും കേന്ദ്രസർക്കാരിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.
അതൃപ്തിക്ക് കാരണങ്ങൾ
2022 നവംബർ 11 മുതൽ നാലു ദിവസം മുമ്പ് വരെ കൊളീജിയം നൽകിയ 80 ശുപാർശക
ളിൽ അംഗീകാരം പത്തെണ്ണത്തിൽ മാത്രം
മണിപ്പൂർ ഹൈക്കോടതിയിലേക്ക് ചീഫ് ജസ്റ്റിസിനെ നിയമിക്കാൻ നൽകിയത് കൂടാതെ 26 ശുപാർശകൾ ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനുള്ളത്
9 ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ അനിശ്ചിതമായി നീളുന്ന തീരുമാനം
കേന്ദ്രം മടക്കിയ 7 ശുപാർശകൾ മാറ്റമേതുമില്ലാതെ കൊളീജിയം തിരികെ അയച്ചതിലും നടപടിയില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |