വൈക്കം: തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വനിതാ മാനേജരും ജീവനക്കാരിയും ചേർന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമായ കൃഷ്ണേന്ദുവും, ഗോൾഡ് ലോൺ ഓഫീസർ ദേവി പ്രജിത്തും ചേർന്ന് തട്ടിപ്പ് നടത്തിയതായാണ് ഉടമ ഉദയം പേരൂർ തെക്കേ പുളിപ്പറമ്പിൽ പി.എം.രാഗേഷ് പരാതി നൽകിയത്.
ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് പണമിടപാട് സംബന്ധിച്ചുള്ള ചില രേഖകൾ ലഭിച്ചതായാണ് സൂചന. മൊബൈൽ ഫോൺ സ്വിച്ച് ഒഫ് ചെയ്ത നിലയിലാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറി കൂടിയാണ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ വീട്ടിൽ കൃഷ്‌ണേന്ദു. ഒരു വർഷത്തിനിടെ വിവിധ ബാങ്കുകളിലായി കൃഷ്ണേന്ദുവും ഭർത്താവും സി.പി.എം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അനന്തു ഉണ്ണിയും ചേർന്ന് കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് വിവരം. സാമ്പത്തിക ആരോപണം ഉയർന്നതിനെ തുടർന്ന് ഏതാനും ദിവസം മുൻപ് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഓഡിറ്റിംഗിന് മുൻപ് മുങ്ങി
2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പണം ഇടപാടുകാർ നൽകുന്നത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി ക്യാമറകളും കേടുവരുത്തി. കഴിഞ്ഞ ഒന്നിന് പുതിയതായി എത്തിയ ജീവനക്കാരിയുടെ പരിശോധനയിൽ സ്ഥാപനത്തിൽ രണ്ടു ലക്ഷം രൂപയോളം ബാലൻസ് കണക്കിൽ ഉള്ളപ്പോൾ 10,000 രൂപ മാത്രമേ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്നാണ് ഓഡിറ്റ് നടത്തിയത്. ഇതിന് മുൻപ് കൃഷ്‌ണേന്ദു അവധിയിൽ പ്രവേശിച്ചു. ഇരുവരും വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
പ്രതിഷേധം ശക്തമാകുന്നു
പ്രതികളെ സംരക്ഷിക്കുന്നതിലും സാമ്പത്തിക തട്ടിപ്പിന് പിന്നിലെ സി.പി.എം ഉന്നത നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. വി.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു.
പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |