ചെന്നൈ: ഇന്ത്യൻ കാർഷിക വിപ്ളവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. 1925 ഓഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്.
തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്ക് ആൻഡ് പ്ളാന്റ് ബ്രീഡിംഗിൽ തുടർപഠനം നടത്തിയതോടെയാണ് ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളർന്നത്. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഇതിനൊപ്പം രമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.84 ഓണററി ഡോക്ടറേറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും അവയ്ക്ക് കർഷകർക്കിടയിൽ വ്യാപകകമായ പ്രചാരണം നൽകുകയും ചെയ്തു . ഹരിത വിപ്ളത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. വിദേശത്തെ പഠനത്തിനുശേഷം 1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. തുടർന്ന് 1954 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു.
1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്ന അദ്ദേഹം ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 1943ൽ ബംഗാളിലുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമമാണ് രാജ്യത്തെ വിശപ്പ് രഹിതമാക്കാനുളള പ്രവർത്തനങ്ങൾക്കായി ജീവിതം അർപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കേംബ്രിഡ്ജിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട മിന സ്വാമിനാഥനാണ് ഭാര്യ.സൗമ്യ സ്വാമിനാഥൻ,മധുര സ്വാമിനാഥൻ,നിത്യ സ്വാമിനാഥൻ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |