തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ കോഴ വിവാദത്തിന് പിന്നിൽ പ്രതിപക്ഷ നേതാവും സംഘവുമാണെന്ന് പി വി അൻവർ എംഎൽഎ. പരാതിക്കാരനായ ഹരിദാസനും പ്രതിപക്ഷ നേതാവും മലപ്പുറം ജില്ലയിലെ പ്രമുഖ യുഡിഎഫ് എംഎൽഎയും ആലുവ ഗസ്റ്റ് ഹൗസിൽവച്ച് വിവാദത്തിനായുള്ള ഗൂഢാലോചന നടത്തിയതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ ആരോപിക്കുന്നു.
പ്രതിപക്ഷ നേതാവടക്കമുള്ള യുഡിഎഫിലെ പ്രമുഖർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പല മന്ത്രിമാർക്ക് നേരെയും ഇത്തരത്തിലുള്ള ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നതായി അറിയാൻ കഴിഞ്ഞതായും പി വി അൻവർ തുടർന്നു. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അൻവറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഹരിദാസന്റെ ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംഘവും
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന വാദങ്ങൾ തള്ളി ദൃശ്യങ്ങൾ വന്നിരിക്കുന്നു. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ UDF എം.എൽ.എ യും പരാതിക്കാരനായ ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഗൂഢാലോചന നടത്തിയത്. പ്രതിപക്ഷ നേതാവടക്കം UDF-ലെ ഉന്നതർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ജനശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ഈ പൊറാട്ട് നാടകം പൊട്ടിപൊളിഞ്ഞിരിക്കുന്നുവെന്ന് മനോരമയ്ക്ക് പോലും സമ്മതിക്കേണ്ടി വന്നു.
മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ നടത്തി അടപടലം പരാജയപ്പെട്ടപ്പോൾ കേരളത്തിലെ മന്ത്രിമാർക്കെതിരെ ഈ ഇടതുവിരുദ്ധ ദുഷ്ട സഖ്യം നടത്തുന്ന അസത്യ ജല്‍പനങ്ങള്‍ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നതിൽ യാതൊരു സംശയവുമില്ല. പല മന്ത്രിമാർക്കെതിരെയും ഇത്തരം ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നുണ്ടെന്ന് ഞങ്ങൾ അറിയുന്നുണ്ട് സതീശാ..
ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ നേതാവിന്റെ ഇത്തരം ദുഷ്ടപ്രവൃത്തികൾക്കെതിരെ രംഗത്ത് വരണം.
ലോകത്തിന് ആകെ മാതൃകയായ രീതിയിൽ കോവിഡിനെയും നിപയെയും നേരിട്ട് സമൂഹത്തിന് മുന്നിൽ തലയുയർത്തി നിന്ന മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറുടെ അതേ പാതയിൽ തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി ശ്രീമതി.വീണ ജോർജൂം. ഈയടുത്ത് വീണ്ടും നിപയെന്ന മഹാമാരിയെ സധൈര്യം നേരിട്ട, രാപ്പകൽ വിശ്രമമില്ലാതെ തന്റെ സഹപ്രവർത്തകരൊപ്പം അധ്വാനിച്ച് വിജയം വരിച്ച ആരോഗ്യ മന്ത്രിയെയും അവരുടെ ഓഫീസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
തന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തി ഇനിയെങ്കിലും പ്രതിപക്ഷ നേതാവും സംഘവും അവസാനിപ്പിക്കണം. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |