മുല്ലപ്പള്ളിയും കെ.സിയും മത്സരത്തിന്
തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മുൻ കെ.പി.സിസി
പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നത്
കോൺഗ്രസിന്റെ സജീവ പരിഗണനയിൽ. നിലവിൽ കണ്ണൂർ എം.പിയായ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മത്സരത്തിൽ നിന്ന് മാറി നിൽക്കുന്ന സാഹചര്യത്തിലാണിത്.
കോൺഗ്രസിന് 2019ൽ നഷ്ടപ്പെട്ട ഏക സീറ്റായ ആലപ്പുഴയിൽ
സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ മത്സരിപ്പിക്കാൻ
കെ.പി.സി.സി നേതൃത്വം സമ്മർദ്ദം ശക്തമാക്കുന്നു.
യു.ഡി.എഫിന് 20 സീറ്റിലും വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ആലപ്പുഴ മുൻ എം.പിയും നിലവിൽ രാജ്യസഭാംഗവുമായ വേണുഗോപാൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
യു.ഡി.എഫിൽ കോൺഗ്രസിന്റെ മറ്റ് 14 സീറ്റിലും സിറ്റിംഗ് എം.പിമാർ തന്നെ
മത്സരിക്കാനാണ് സാദ്ധ്യത. വയനാട്ടിൽ രാഹുൽ ഗാന്ധി വീണ്ടും സ്ഥാനാർത്ഥിയാവണമെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന നേതൃത്വം. എൽ.ഡി.എഫിൽ വയനാട് സി.പി.ഐയുടെ സീറ്റാണ്. 'ഇന്ത്യ' മുന്നണിയിലെ കക്ഷികൾ പരസ്പരം മത്സരിക്കുന്നത് ഒഴിവാക്കാൻ രാഹുൽ ഗാന്ധി കർണാടകയിലെ ഏതെങ്കിലും സീറ്റിലേക്ക് മാറണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള സാദ്ധ്യത കെ. പി.സി.സി നേതൃത്വം തള്ളുന്നു.
രാഹുൽ കർണ്ണാടകയിലേക്ക് മാറിയാൽ,പ്രിയങ്കാ ഗാന്ധിയെ വയനാട്ടിൽ നിറുത്തണമെന്ന് നേതൃത്വം ആവശ്യപ്പെടും. വടകരയിലെ
സിറ്റിംഗ് എം.പി കെ.മുരളീധരൻ വീണ്ടും മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. അതേ
സമയം, പാർട്ടി തീരുമാനമാണ് അന്തിമമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിലെ മറ്റ് സിറ്റിംഗ് എം.പിമാരായ ശശി തരൂർ (തിരുവനന്തപുരം), അടൂർ
പ്രകാശ് (ആറ്റിങ്ങൽ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി
(പത്തനംതിട്ട), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം),
ബെന്നി ബഹനാൻ (ചാലക്കുടി), ടി.എൻ.പ്രതാപൻ (തൃശൂർ), രമ്യ ഹരിദാസ് (ആലത്തൂർ), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), എം.കെ.രാഘവൻ (കോഴിക്കോട്), രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവർ വീണ്ടും മത്സരിക്കും.
യു. ഡി. എഫ് ഘടകകക്ഷികളിൽ, കഴിഞ്ഞ തവണ കോട്ടയത്ത് ജയിച്ച തോമസ് ചാഴികാടന്റെ കേരള കോൺഗ്രസ് മാണി വിഭാഗം ഇപ്പോൾ
എൽ.ഡി.എഫിലാണ്. ഇത്തവണ യു.ഡി.എഫിൽ ജോസഫ് ഗ്രൂപ്പിനാവും ഈ സീറ്റ്.
ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.
മുസ്ലിം ലീഗ് പതിവ് പോലെ മൂന്നാം സീറ്റ് ചോദിക്കുന്നുണ്ടെങ്കിലും നൽകാൻ
സാദ്ധ്യതയില്ല. മലപ്പുറത്ത് അബ്ദുസമദ് സമദാനിയും, പൊന്നാനിയിൽ ഇ.ടി.
മുഹമ്മദ് ബഷീറും വീണ്ടും മത്സരിച്ചേക്കും.കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ
തന്നെയാവും ആർ.എസ്.പി സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |