കൊല്ലം: അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടന്ന മാതാ അമൃതാനന്ദമയിയുടെ സപ്‌തതി ആഘോഷത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ചടങ്ങുകൾക്കായി രാവിലെ ഒൻപത് മണിയ്ക്ക് വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാലാണ് വരവേറ്റത്. ജന്മദിനാശംസകൾ നേർന്ന മോഹൻലാൽ ഹാരമർപ്പിച്ച് അനുഗ്രഹം വാങ്ങി. ഏറെനേരം ആഘോഷത്തിൽ പങ്കെടുത്തതിനുശേഷമാണ് താരം മടങ്ങിയത്.
ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമവും ലളിതസഹസ്രനാമ അർച്ചനയും സത്‌സംഗവും നടന്നു. മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയാണ് സത്‌സംഗം നടത്തിയത്. രാവിലെ സംഗീതസംവിധായകൻ രാഹുൽ രാജിന്റെയും സംഘത്തിന്റെയും സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖർ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി.
ഒരു മണിക്കൂറോളം നേരം അമൃതാനന്ദമയി പ്രസംഗിച്ചു. 70 രാജ്യങ്ങളിൽ നിന്ന് സമാഹരിച്ച മണ്ണിൽ അമൃതാനന്ദമയി ചന്ദനതൈ നട്ടു. രാവിലെ 11 മണിയ്ക്ക് സാംസ്‌കാരിക സമ്മേളനം നടന്നു. 191 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. ഒരേസമയം 25,000ൽ അധികം പേർക്ക് ഇരുന്ന് കാണാവുന്ന സൗകര്യം ഒരുക്കിയിരുന്നു. സമൂഹവിവാഹം, വസ്ത്രവിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. സുരക്ഷാമുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡിഐജി ആർ നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്‌ച പൊലീസ് സംഘം യോഗം ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |