കൊച്ചി: ദത്തുപുത്രിയുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ദത്ത് റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. രക്ഷിതാക്കൾ കൈയൊഴിഞ്ഞ കുട്ടിയുടെ സംരക്ഷണത്തിന് എന്തു ചെയ്യാനാകുമെന്ന് സർക്കാർ അറിയിക്കാനും നിർദ്ദേശിച്ചു.
ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തിൽ നിന്ന് ദത്തെടുത്ത പെൺകുട്ടിയെ തിരിച്ചയയ്ക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദമ്പതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പെൺകുട്ടിയുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹാനുഭൂതിയുള്ള വ്യക്തിയുടെ സേവനം ആവശ്യമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അഡ്വ. പാർവതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കാറപകടത്തിൽ മകൻ മരിച്ച ദു:ഖം മറികടക്കാൻ 13കാരിയെ 2018 ഫെബ്രുവരി16നാണ് ഹർജിക്കാർ ദത്തെടുത്തത്. പെൺകുട്ടിക്ക് തങ്ങളെ മാതാപിതാക്കളായി അംഗീകരിക്കാനാവില്ലെന്ന് വന്നതോടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. ദത്ത് റദ്ദാക്കി കുട്ടിയെ തിരിച്ചയയ്ക്കാൻ തിരുവനന്തപുരം കളക്ടർക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. തിരിച്ചെടുക്കാൻ ലുധിയാനയിലെ ആശ്രമവും തയ്യാറാകാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിയമപ്രശ്നം
ദത്തു റദ്ദാക്കാനും കുട്ടിയെ സംരക്ഷിക്കാനും ശിശുക്ഷേമ സമിതി മുഖേനയാണ് നടപടികൾ വേണ്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ശിശുക്ഷേമ സമിതിക്ക് ഇടപെടാനാവില്ല. സദർഹോമിൽ താമസിക്കുന്ന കുട്ടിയുടെ പഠനം, വിവാഹം തുടങ്ങിയവ ഉറപ്പാക്കണമെന്നും കോടതിയുടെ അധികാരപരിധിക്കു പുറത്തുള്ള സ്ഥലത്തേക്ക് സുരക്ഷയും സംരക്ഷണവുമില്ലാതെ കുട്ടിയെ പറഞ്ഞുവിടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദത്തെടുത്ത മകളെ നിങ്ങൾക്കു വേണ്ടെന്നു വയ്ക്കാം. കോടതിക്ക് അവളെ കൈവിടാനാവില്ല. കുട്ടിയെ തിരിച്ചു ലുധിയാനയിലേക്ക് വിടണമെന്ന് നിങ്ങൾ പറയുന്നു. അവൾ പ്രായപൂർത്തിയായ വ്യക്തിയാണ്. തിരിച്ചുവിട്ടാൽ സുരക്ഷയും സംരക്ഷണവും എങ്ങനെ ഉറപ്പാക്കും? ചെറിയ കുഞ്ഞുങ്ങൾ പോലും സുരക്ഷിതരല്ലാത്ത കാലത്ത് പ്രായപൂർത്തിയായ പെൺകുട്ടിയെ എങ്ങനെ ഉപേക്ഷിക്കാനാവും? മലയാളമറിയാത്ത, മറ്റൊരു സംസ്കാരത്തിൽ വളർന്ന കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടല്ലേ നിങ്ങൾ ദത്തെടുത്തത്? കുട്ടിയുടെ സുരക്ഷയുടെ കാര്യത്തിൽ രക്ഷിതാക്കളായ നിങ്ങൾക്ക് ഉത്കണ്ഠയില്ലേ?
- ഹൈക്കോടതി ഹർജിക്കാരോട് വാക്കാൽ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |